ജനങ്ങളുടെ പിന്തുണ ഇല്ലാതെ പൊരുതാനുള്ള ധൈര്യമോ പണമോ തനിക്കില്ല: ആദ്യ പ്രതികരണവുമായി ചന്നി

ലുധിയാന: പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കപ്പെട്ടതിനുശേഷം ആദ്യ പ്രതികരണവുമായി ചരണ്‍ജിത്ത് സിംഗ് ചന്നി.പഞ്ചാബ് ജനതയുടെ പൂര്‍ണ പിന്തുണ തനിക്ക് വേണം. ജനങ്ങളുടെ പിന്തുണ ഇല്ലാതെ പൊരുതാനുള്ള ധൈര്യമോ പണമോ തനിക്കില്ലെന്ന് ചന്നി പറഞ്ഞു.ഈ പോരാട്ടം തനിക്ക് ഒറ്റയ്ക്ക് ജയിക്കാനാകില്ലെന്നും ചന്നി കൂട്ടിച്ചേര്‍ത്തു.തന്റെ കഴിവില്‍ വിശ്വാസമര്‍പ്പിച്ച കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് നന്ദി പറഞ്ഞുകൊണ്ടായിരുന്നു ചന്നിയുടെ ആദ്യ പ്രതികരണം

പഞ്ചാബിനെ മുന്നോട്ട് നയിക്കുന്നതിനായി താന്‍ മുഖ്യമന്ത്രിയായിരുന്ന 111 ദിനങ്ങള്‍ അക്ഷീണം പരിശ്രമിച്ചതായി ചന്നി പറഞ്ഞു. തുടര്‍ന്നും പഞ്ചാബിനെ വികസനത്തിന്റെ പാതയിലേക്ക് നയിക്കാനാണ് താന്‍ പോരാടുന്നതെന്നും ചന്നി വ്യക്തമാക്കി. ചന്നിയെ പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ അതിനെ പരിഹസിച്ച് ആം ആദ്മി പാര്‍ട്ടിയും രംഗത്തെത്തി. മണല്‍ കള്ളനെ മുഖ്യമന്ത്രിയാക്കിയതിന് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് അഭിവാദ്യങ്ങളെന്നായിരുന്നു ആം ആദ്മി പാര്‍ട്ടിയുടെ പരിഹാസം. ചന്നി മുഖ്യമന്ത്രിയായ സമയത്ത് ഉയര്‍ന്നുവന്ന മണല്‍ ഖനന ആരോപണങ്ങള്‍ ഉള്‍പ്പെടെ സൂചിപ്പിച്ചാണ് പരിഹാസം.

 

Top