അഹമ്മദാബാദ്: നിലവിലെ സാഹചര്യത്തില്‍ സ്‌കൂള്‍ തുറക്കുന്നത് വരെ ഫീസ് വാങ്ങരുതെന്ന ഉത്തരവിനെ തുടര്‍ന്ന് ഗുജറാത്തിലെ സ്വകാര്യ സ്‌കൂളുകള്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ നിര്‍ത്തി. അനിശ്ചിത കാലത്തേക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ അവസാനിപ്പിക്കുന്നതായി സ്വകാര്യ സ്‌കൂളുകള്‍ വ്യക്തമാക്കി.
കഴിഞ്ഞ ആഴ്ചയാണ് ഓണ്‍ലൈന്‍ ക്ലാസിന് ഫീസ് വാങ്ങരുതെന്ന് ഗുജറാത്ത് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. കൊവിഡ് 19 മഹാമാരി മൂലം സ്‌കൂളുകള്‍ തുറക്കാതിരിക്കുന്നത് കണക്കിലെടുത്തായിരുന്നു തീരുമാനം. 2020-21 വര്‍ഷത്തേക്ക് ഫീസ് വര്‍ധിപ്പിക്കരുതെന്നും ഈ ഉത്തരവ് വ്യക്തമാക്കിയിരുന്നു.
ഈ തീരുമാനത്തില്‍ അതൃപ്തി വ്യക്തമാക്കിയാണ് 15000ത്തോളം സ്‌കൂളുകളെ പ്രതിനിധീകരിക്കുന്ന യൂണിയന്‍ ക്ലാസുകള്‍ നിര്‍ത്തി വയ്ക്കുന്ന കാര്യം വ്യക്തമാക്കിയത്. ഓണ്‍ലൈന്‍ ക്ലാസുകള്‍ യഥാര്‍ത്ഥ വിദ്യാഭ്യാസ രീതിയല്ലെന്നാണ് സര്‍ക്കാര്‍ കണക്കാക്കുന്നതെങ്കില്‍ അത്തരം ക്ലാസുകള്‍ നടത്തേണ്ട ആവശ്യമില്ലല്ലോയെന്നാണ് വിഷയത്തേക്കുറിച്ച് സ്വകാര്യ സ്‌കൂള്‍ യൂണിയന്‍ വക്താവ് ദീപക് രാജ്യഗുരു വ്യക്തമാക്കിയത്. സര്‍ക്കാര്‍ ഈ തീരുമാനം പിന്‍വലിക്കുന്നത് വരെ ഓണ്‍ലൈന്‍ ക്ലാസുകള്‍ നിര്‍ത്തി വയ്ക്കാനാണ് തീരുമാനം.