കോട്ടയം : ജലന്ധര്‍ മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കുറ്റപത്രം ചൊവ്വാഴ്ച കോടതിയില്‍ സമര്‍പ്പിക്കും. അന്വേഷണ സംഘം കുറ്റപത്രം തയ്യാറാക്കി ഒരു മാസം കഴിഞ്ഞാണ് ഡിജിപിയുടെ അനുമതി നല്‍കുന്നത്. കുറ്റപ്പത്രം വൈകുന്നതിനെതിരെ കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകൾ പങ്കെടുക്കുന്ന സമരപ്രഖ്യാപന കൺവെൻഷൻ കൊച്ചിയിൽ നടക്കാനിരിക്കെയാണ് തീരുമാനം.
കഴിഞ്ഞ സെപ്റ്റംബർ ആദ്യവാരം കൊച്ചി വഞ്ചി സ്ക്വയറിലെത്തി പതിനഞ്ച് ദിവസം കന്യാസ്ത്രീമാർ സമരം നടത്തിയതിനെ തുടർന്നാണ് ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്.
രണ്ട് മാസങ്ങള്‍ക്ക് മുന്‍പ് തന്നെ അന്വേഷണം പൂര്‍ത്തിയാക്കിയിരുന്നു. തുടര്‍ന്ന് വിശദമായ പരിശോധനകള്‍ക്ക് ശേഷമാണ് കഴിഞ്ഞ മാസം കുറ്റപത്രം സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ക്ക് കൈമാറിയത്. കുറ്റപത്രത്തില്‍ ചില അവ്യക്തതകള്‍ ഉണ്ടായ സാഹചര്യത്തിലാണ് തിരുത്തുകള്‍ വരുത്താന്‍ പൊലീസിനോട് പ്രോസിക്യൂട്ടര്‍ നിര്‍ദ്ദേശിച്ചത്. ഇതേതുടര്‍ന്നാണ് തിരുത്ത് വരുത്തി വീണ്ടും കുറ്റപത്രം തയ്യാറാക്കിയത്.