കൊച്ചി : ആനക്കൊമ്പ് കേസില്‍ മോഹന്‍ലാലിനെ ഒന്നാം പ്രതിയാക്കി കുറ്റപത്രം നല്‍കിയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍.
തിരുവനന്തപുരത്തെ വീട്ടില്‍ നിന്ന് എറണാകുളത്തെ വീട്ടിലേക്ക് ആനക്കൊമ്പുകള്‍ മാറ്റിയപ്പോള്‍ മോഹന്‍ലാല്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ അനുമതി വാങ്ങിയിട്ടില്ല. സാമൂഹികമായും വിദ്യാഭ്യാസ പരമായും ഉയര്‍ന്ന തലത്തിലുള്ള പ്രതികള്‍ക്ക് നിയമം സംബന്ധിച്ച് അറിയില്ലായിരുന്നുവെന്ന വാദം മുഖവിലയ്ക്കെടുക്കാനാവില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു.
തൃശൂര്‍ ഒല്ലൂര്‍ ഹില്‍ ഗാര്‍ഡന്‍സില്‍ പി.എന്‍ കൃഷ്ണകുമാര്‍, തൃപ്പൂണിത്തുറ എരൂര്‍ നയനം വീട്ടില്‍ കെ.കൃഷ്ണകുമാര്‍, ചെന്നൈ പെനിന്‍സുല അപ്പാര്‍ട്ട്മെന്റില്‍ നളിനി രാധാകൃഷ്ണന്‍ എന്നിവരാണ് കേസിലെ രണ്ട് മുതല്‍ നാല് വരെ പ്രതികള്‍.
2011ല്‍ മോഹന്‍ലാലിന്റെ വീട്ടില്‍ നിന്ന് നാല് ആനക്കൊമ്പുകള്‍ കണ്ടെത്തിയിരുന്നു. 1972ലെ വന്യജീവി സംരക്ഷണ നിയമം പ്രകാരമാണ് കേസ്. സര്‍ക്കാറിന്റെ വകയായ ആനക്കൊമ്പുകള്‍ അനുമതികളൊന്നുമില്ലാതെയാണ് സൂക്ഷിച്ചത്. കെ. കൃഷ്ണകുമാറാണ് മോഹന്‍ലാലിന് കൊമ്പുകള്‍ കൈമാറിയതെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത്.
നാലെണ്ണത്തില്‍ രണ്ട് ആനക്കൊമ്പുകള്‍ പി.എന്‍ കൃഷ്ണകുമാര്‍ മോഹന്‍ലാലിന്റെ വീട്ടിലെ ആര്‍ട്ട് ഗാലറിയില്‍ സൂക്ഷിക്കാന്‍ 1988ല്‍ നല്‍കിയതാണ്. മൂന്നാം പ്രതി നാലാം പ്രതിയില്‍ നിന്ന് 60,000 രൂപയ്ക്ക് 1983ല്‍ വാങ്ങിയതാണ് ആനക്കൊമ്പെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.