ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേഗതിക്കെതിരെയുള്ള പ്രതിഷേധത്തിനിടെ ജാമിയയിലും ന്യൂ ഫ്രണ്ട്സ് കോളനിയിലും നടന്ന അക്രമങ്ങളില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു.നേരത്തെ വിവാദ പരാമര്‍ശം നടത്തിയ ജെ.എന്‍.യു സര്‍വകലാശാല ഗവേഷക വിദ്യാര്‍ത്ഥി ഷര്‍ജീല്‍ ഇമാമിന്റെ പേര് മാത്രമാണ് കുറ്റപത്രത്തിലുള്ളത്. കലാപത്തിന് പ്രേരിപ്പിച്ചുവെന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്.
രാജ്യദ്രോഹക്കേസില്‍ നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള ഷര്‍ജീലിന്റെ അറസ്റ്റ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു. ബാക്കി പതിനാറ് പ്രതികളും നാട്ടുകാരാണ്.
അതേസമയം ജാമിയ സര്‍വ്വകലാശാല വിദ്യാര്‍ത്ഥികളാരും കുറ്റപത്രത്തിലില്ല. സംഘര്‍ഷത്തിന്റെ സിസിടിവി ദൃശ്യങ്ങളുടെ പകര്‍പ്പും ഫോണ്‍ രേഖകളും പൊലീസ് കുറ്റപത്രത്തിനൊപ്പം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.
പൗരത്വ നിമയഭേഗതിക്കെതിരായ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം വലിയ അക്രമത്തില്‍ കലാശിക്കുകയായിരുന്നു എന്നാണ് കുറ്റപത്രം. നാല് സര്‍ക്കാര്‍ ബസുകളും രണ്ട് പൊലീസ് വാഹനങ്ങളും സമരക്കാര്‍ കത്തിച്ചു. അറുപതോളം പൊലീസ് ഉദ്യോഗസ്ഥര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പരുക്കേറ്റു. അക്രമങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ പങ്കിനെക്കുറിച്ച് അന്വേഷിക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു.