ന്യൂഡല്‍ഹി : എയര്‍സെല്‍ മാക്‌സിസ് കേസില്‍ മുന്‍ കേന്ദ്ര ധനകാര്യമന്ത്രി പി.ചിദംബരത്തിനും മകന്‍ കാര്‍ത്തി ചിദംബരത്തിനുമെതിരെ കുറ്റപത്രം. സി.ബി.ഐ ഡല്‍ഹി പാട്യാല ഹൗസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പി ചിദംബരം, കാര്‍ത്തിക് ചിദംബരം എന്നിവരുള്‍പ്പെടെ പതിനെട്ട് പേരാണ് കുറ്റപത്രത്തില്‍ ഉള്‍പ്പെടുന്നത്. കേസ് ജൂലൈ 31ന് കോടതി വീണ്ടും പരിഗണിക്കും.
കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതിനാല്‍ ചിദംബരത്തിന്റെ മൂന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പ്രതികരണമറിയിക്കാന്‍ സി.ബി.ഐ കൂടുതല്‍ സമയം തേടി. കേസില്‍ ചിദംബരത്തിന്റെ മകനും ഐ.എന്‍.എക്‌സ് മീഡിയ കേസിലെ പ്രതിയുമായ കാര്‍ത്തി ചിദംബരത്തിന് ഡല്‍ഹി ഹൈകോടതി ജാമ്യം അനുവദിച്ചതിനെതിരെ സി.ബി.ഐ ജൂണ്‍ 25ന് സുപ്രീംകോടതിയെ സമീപിച്ചിരുന്നു.
ചിദംബരത്തിന്റെയും മകന്റെയും അറസ്റ്റ് ആഗസ്ത് ഏഴുവരെ കോടതി വിലക്കിയിരുന്നു. ഡല്‍ഹിയിലെ പാട്യാല കോടതിയാണ് ചിദംബരത്തിനും മകന്‍ കാര്‍ത്തി ചിദംബരത്തിനും അറസ്റ്റില്‍ നിന്ന് നേരത്തെ അനുവദിച്ച ഇടക്കാല സുരക്ഷ നീട്ടിയത്.
ഫെബ്രുവരിയില്‍ അറസ്റ്റിലായ കാര്‍ത്തി ചിദംബരത്തിന് മാര്‍ച്ചിലാണ് ജാമ്യം ലഭിക്കുന്നത്.
യു.പി.എ കേന്ദ്രത്തില്‍ അധികാരത്തിലിരുന്നപ്പോള്‍ ധനകാര്യമന്ത്രിയായിരുന്നു ചിദംബരം. ആ കാലയളവില്‍ നടന്ന എയര്‍സെല്‍ മാക്‌സിസ് ഇടപാടിന് വിദേശ നിക്ഷേപ പ്രോത്സാഹന ബോര്‍ഡ് (എഫ്.ഐ.പി.ബി) നേരിട്ട് അനുമതി നല്‍കിയെന്നതാണ് കേസ്. ഫെബ്രുവരിയില്‍ കേസുമായി ബന്ധപ്പെട്ട് കാര്‍ത്തി ചിദംബരത്തെ സി.ബി.ഐ അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോള്‍ കാര്‍ത്തി ചിദംബരം ജാമ്യത്തിലാണ്.
മൗറീഷ്യസിലെ ഗ്ലോബല്‍ കമ്മ്യുണിക്കേഷന്‍ സര്‍വീസിന്റെ കീഴിലുള്ള മാക്‌സിസ് എയര്‍സെല്ലില്‍ 800 ദശലക്ഷം ഡോളറിന്റെ നിക്ഷേപത്തിന് അനുമതി ആവശ്യപ്പെട്ടുവെന്നാണ് സി.ബി.ഐ കുറ്റപത്രത്തില്‍ പറയുന്നത്. പ്രധാനമന്ത്രി അധ്യക്ഷനായ കമ്മിറ്റിയാണ് വിദേശ നിക്ഷേപത്തിന് അനുമതി നല്‍കേണ്ടത്. എന്നാല്‍ ഇവിടെ ധനമന്ത്രി നേരിട്ട് അനുമതി നല്‍കി. അനുമതി ലഭിച്ച ഉടന്‍ കാര്‍ത്തി ചിദംബരവുമായി ബന്ധപ്പെട്ട ഒരു കമ്പനിക്ക്എയര്‍സെല്‍ 26 ലക്ഷം രൂപ നല്‍കിയെന്നുമാണ് സി.ബി.ഐയുടെ ആരോപണം.