ഹരിത മുന്‍ നേതാക്കള്‍ക്കെതിരായ ലൈംഗികാധിക്ഷേപം; നവാസിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

കോഴിക്കോട്: ഹരിത മുന്‍ നേതാക്കളുടെ പരാതിയില്‍ എംഎസ്എഫ് സംസ്ഥാന അധ്യക്ഷന്‍ പി കെ നവാസിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. കോഴിക്കോട് വെള്ളയില്‍ പൊലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പി കെ നവാസ് സ്ത്രീത്വത്തെ അപമാനിച്ചെന്ന് വ്യക്തമാക്കുന്നുണ്ട്.

അതേസമയം, എംഎസ്എഫിന്റെ മലപ്പുറം ജില്ലാ സെക്രട്ടറി അബ്ദുള്‍ വഹാബിനെ കുറ്റപത്രത്തില്‍ നിന്നൊഴിവാക്കി. കുറ്റപത്രത്തില്‍ പി കെ നവാസാണ് ഒന്നാംപ്രതി. 18 സാക്ഷികളാണ് കേസിലുള്ളത്.

കഴിഞ്ഞ ജൂണ്‍ 22നാണ് കേസിനാസ്പദമായ സംഭവം. കോഴിക്കോട് വെച്ചുനടന്ന സംസ്ഥാന സമിതി യോഗത്തില്‍ വെച്ച് പി കെ നവാസ് ഹരിതാ നേതാക്കളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. സ്ത്രീത്വത്തെ അപമാനിച്ചെന്നും ലൈംഗിക ചുവയോടെ പെരുമാറിയെന്നും ഹരിത നേതാക്കള്‍ പരാതി നല്‍കിയിരുന്നു.

ആദ്യം ലീഗിനും എംഎസ്എഫിന്റെ ദേശീയ നേതൃത്വത്തിനും നല്‍കിയ പരാതിയില്‍ നടപടിയെടുക്കാത്തതിനെ തുടര്‍ന്ന് വനിതാ കമ്മിഷന് ഹരിത പരാതി നല്‍കി. തുടര്‍ന്ന് ലീഗ് ഇടപെട്ട് ഹരിതയെ മരവിപ്പിക്കുകയും പിരിച്ചുവിടുകയും ചെയ്തു. പരാതിയില്‍ ഹരിത മുന്‍ നേതാക്കള്‍ ഉറച്ചുനിന്നതോടെ പൊലീസ് കേസുമായി മുന്നോട്ടുപോവുകയായിരുന്നു.

ഹരിത സംസ്ഥാന കമ്മിറ്റി മുന്‍ ഭാരവാഹികളായ 10 പേരാണ് പരാതിക്കാര്‍. പരാതി പിന്‍വലിക്കണമെന്ന് ലീഗ് നിരന്തരം ആവശ്യപ്പെട്ടെങ്കിലും ഇല്ലെന്നെ ഉറച്ച നിലപാടിലായിരുന്നു ഹരിത. സമവായ ചര്‍ച്ചകളെത്തുടര്‍ന്ന് എംഎസ്എഫ് നേതാക്കളായ പികെ നവാസും കബീര്‍ മുതുപറമ്പിലും സമൂഹ മാധ്യമത്തിലൂടെ മാപ്പ് പറഞ്ഞിരുന്നു.

എന്നാല്‍ സംഘടനാ തലത്തിലുളള നടപടി വേണമെന്ന നിലപാടില്‍ ഹരിത നേതാക്കള്‍ ഉറച്ച് നിന്നതോടെയാണ് നിയമനടപടിയിലേക്ക് കാര്യങ്ങളെത്തിയത്.

Top