വരാപ്പുഴ ശ്രീജിത്ത് കസ്റ്റഡി മരണം; കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും

കൊച്ചി : വരാപ്പുഴ ശ്രീജിത്ത് കസ്റ്റഡി മരണക്കേസില്‍ ക്രൈംബ്രാഞ്ച് ഇന്ന് പറവൂര്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കും. വരാപ്പുഴ എസ് ഐ ആയിരുന്ന ദീപക്കടക്കം നാലു പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. റൂറല്‍ ടാസ്‌ക് ഫോഴ്‌സിലെ അംഗങ്ങളായ സന്തോഷ് കുമാര്‍, സുമേഷ് ജിതിന്‍ രാജ് എന്നിവരാണ് ആദ്യ മൂന്നുപ്രതികള്‍.

വടക്കന്‍ പറവൂര്‍ സിഐയായിരുന്നു ക്രിസ്പിന്‍ സാം അഞ്ചാം പ്രതിയാണ്. നിയമവിരുദ്ധമായി യുവാവിനെ കസ്റ്റഡിയിലെടുത്തതിനും കസ്റ്റഡി നടപടിക്രമങ്ങള്‍ പാലിക്കാതിരുന്നതിനുമാണ് ക്രിസ്പിന്‍ സാമിനെ പ്രതി ചേര്‍ത്തിരിക്കുന്നത്.

അതേസമയം, ആരോപണവിധേയനായ ഡിഐജി എ വി ജോര്‍ജിനെ സാക്ഷിയാക്കിയാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. വരാപ്പുഴ സ്വദേശി വാസുദേവന്‍ ആത്മഹത്യ ചെയ്ത കേസില്‍ ശ്രീജിത്ത് അടക്കം 10 പേരെ 2018 ഏപ്രില്‍ 6 നാണ് പൊലീസ് അറസ്റ്റു ചെയ്തത്. പൊലീസ് കസ്റ്റഡിയിൽ ശ്രീജിത്ത് ഗുരുതരമായ പരിക്കുകളോടെ മരണമടഞ്ഞുവെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്.

Top