കൊച്ചി: സ്വര്‍ണക്കടത്തു കേസില്‍ എം ശിവശങ്കറിന്റെ കുരുക്ക് മുറുകുന്നു. സ്വപ്നയുമായി ചേര്‍ന്ന് ജോയിന്റ് ലോക്കര്‍ തുറന്നത് ശിവശങ്കറിന്റെ നിര്‍ദേശപ്രകാരമാണെന്നാണ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ് പി വേണുഗോപാല്‍ മൊഴി നല്‍കിയിരിക്കുന്നത്. സ്വപ്ന പണവുമായി വീട്ടിലെത്തിയപ്പോള്‍ ശിവശങ്കറുമെത്തിയിരുന്നുവെന്നും പണം നല്‍കിയ സമയത്തും തുടര്‍ന്നുള്ള ചര്‍ച്ചയിലും ശിവശങ്കര്‍ ഒപ്പമുണ്ടായിരുന്നുവെന്നും മൊഴിയിലുണ്ട്.
ലോക്കര്‍ തുറക്കുന്നതിന് രണ്ട് ദിവസം മുമ്പാണ് ശിവശങ്കര്‍ സ്വപ്ന സുരേഷുമായി തന്റെ വീട്ടിലെത്തി പണം കൈമാറിയതെന്നാണ് വേണുഗോപാല്‍ പറയുന്നത്. സ്വപ്ന സുരേഷിനെ പി. വേണുഗോപാലിന് പരിചയപ്പെടുത്തിയ ശേഷം താന്‍ അവിടെനിന്ന് മടങ്ങിയെന്നാണ് എം.ശിവശങ്കര്‍ എന്‍ഫോഴ്മെന്റിന് നല്‍കിയ മൊഴി. എന്നാല്‍ മുഴുവന്‍ സമയവും ചര്‍ച്ചയില്‍ ശിവശങ്കര്‍ ഉണ്ടായിരുന്നുവെന്നും പി. വേണുഗോപാലിന്റെ മൊഴിയിലുണ്ട്.
പണമടങ്ങിയ ബാഗ് കൈമാറിയത് സ്വപ്ന സുരേഷാണ്. അതിന് മുമ്പ് ശിവശങ്കര്‍ വാട്സ് ആപ്പ് സന്ദേശം അയച്ചിരുന്നു. അതില്‍ 35 ലക്ഷം രൂപ അയക്കുന്നു എന്ന കാര്യം പറഞ്ഞിരുന്നു. എന്നാല്‍ 30 ലക്ഷം രൂപ മാത്രമാണ് വന്നത്. ലോക്കര്‍ തുറന്ന് പണം നിക്ഷേപിച്ച ശേഷം എം.ശിവശങ്കറിന് വാട്സ് ആപ്പ് സന്ദേശം അയച്ചെന്നും അതിന് നന്ദിയെന്ന് മറുപടി ലഭിച്ചതായും മൊഴി നല്‍കിയിട്ടുണ്ട്.
ശിവശങ്കറുമായി ദീര്‍ഘകാലത്തെ ബന്ധമുള്ളതിനാലാണ് സ്വപ്ന സുരേഷില്‍ നിന്ന് ഫീസ് വാങ്ങാതിരുന്നത്. ലോക്കര്‍ ക്ലോസ് ചെയ്യുന്നതിനായി പലവട്ടം വിളിച്ചിരുന്നു. പല തവണയായി അവര്‍ 30 ലക്ഷം രൂപ ലോക്കറില്‍ നിന്ന് എടുത്തിരുന്നു. മൂന്ന് നാല് തവണ താനാണ് ലോക്കര്‍ തുറന്ന് പണമെടുത്ത് സരിത്തിന് കൈമാറിയത്. പൂര്‍ണമായും പണമെടുത്ത ശേഷം ലോക്കര്‍ ക്ലോസ് ചെയ്യാന്‍ വിളിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.