ന്യൂഡല്‍ഹി: ഇന്ത്യയില്‍ കുടുങ്ങിയ ബ്രിട്ടീഷ് പൗരന്മാരെ സ്വന്തം രാജ്യത്തെത്തിക്കാന്‍ 17 ചാര്‍ട്ടേഡ് വിമാനങ്ങള്‍ അയക്കുമെന്ന് അറിയിച്ച് ബ്രിട്ടന്‍. അടുത്ത ആഴ്ചയോടെ ബ്രിട്ടീഷ് പൗരന്മാരെ കൊണ്ടുപോകാനുള്ള വിമാനങ്ങള്‍ അയക്കും. മൊത്തം 4000 ബ്രിട്ടീഷ് യാത്രക്കാരെ കൊണ്ടുപോകാനാണ് 17 വിമാനങ്ങള്‍ അയക്കുക. ഇന്ത്യയില്‍ വിവിധ സംസ്ഥാനങ്ങളിലായി ഏകദേശം 20,000ത്തിന് മുകളില്‍ ബ്രിട്ടീഷ് പൗരന്മാര്‍ കുടുങ്ങിക്കിടക്കുന്നുവെന്നാണ് ബ്രിട്ടന്‍ അറിയിച്ചത്.
നേരത്തെ 21 ചാര്‍ട്ടേഡ് വിമാനങ്ങള്‍ അയച്ചിരുന്നു. അതിന് പുറമെയാണ് 17 വിമാനങ്ങള്‍ അയക്കാന്‍ തീരുമാനിച്ചത്. അഹമ്മദാബാദ്, അമൃത്സര്‍, ഡല്‍ഹി, മുംബൈ, ഗോവ , ബംഗളൂരു എന്നിവിടങ്ങളില്‍ നിന്നായിരിക്കും ലണ്ടനിലേക്ക് വിമാന സൗകര്യം ഒരുക്കുക. പ്രായമായവരെയും ശാരീരിക പ്രശ്നങ്ങള്‍ നേരിടുന്നവരെയുമാണ് ആദ്യം പരിഗണിക്കുക.
നിരവധി പേരാണ് വിമാനം ബുക്ക് ചെയ്യാനെത്തുന്നത്. ഇതൊരു പ്രതിസന്ധി ഘട്ടമാണെന്ന് ഞങ്ങള്‍ക്കറിയാം. കൂടുതല്‍ ബ്രിട്ടീഷ് പൗരന്മാരെ നാട്ടിലെത്തിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാറുമായി യോജിച്ച് പരിശ്രമിക്കുമെന്ന് ബ്രിട്ടീഷ് മന്ത്രി താരിഖ് അഹമ്മദ് അറിയിച്ചു. കുടുങ്ങിക്കിടക്കുന്ന കൂടുതല്‍ പേരെ കണ്ടെത്താന്‍ ഇന്ത്യന്‍ സര്‍ക്കാറിന്റെ സഹായം തേടുമെന്ന് ആക്ടിംഗ് ഹൈക്കമ്മീഷണര്‍ ജാന്‍ തോംപ്സണ്‍ പറഞ്ഞു. ഏപ്രില്‍ എട്ട് മുതല്‍ 20 വരെയാണ് ആദ്യത്തെ 21 വിമാനങ്ങള്‍ സര്‍വീസ് നടത്തുക.