ഉത്തര്‍പ്രദേശില്‍ ചാര്‍ട്ടേഡ് വിമാനം തകര്‍ന്നുവീണു; ആളപായമില്ല

അലിഗഢ് (യു.പി): ചാര്‍ട്ടേഡ് വിമാനം ഉത്തര്‍പ്രദേശിലെ അലിഗഢിന് സമീപം എയര്‍സ്ട്രിപ്പില്‍ ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ തകര്‍ന്നുവീണു. പൈലറ്റടക്കം വിമാനത്തില്‍ ഉണ്ടായിരുന്ന ആറുപേരും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടുവെന്ന് അധികൃതര്‍ പറഞ്ഞു.

ഒരു വിമാനം നന്നാക്കുന്നതിനുവേണ്ടി സാങ്കേതിക വിദഗ്ധനെയുംകൊണ്ട് എത്തിയ വിമാനമാണ് തകര്‍ന്നുവീണത്. വൈദ്യുതി കമ്പിയില്‍ തട്ടിയാണ് വിമാനം തകര്‍ന്നതെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.ഫയര്‍ എന്‍ജിനുകള്‍ ഉടന്‍ സ്ഥലത്തെത്തി തീ കെടുത്തി. പൈലറ്റിന്റെ പിഴവാകാം അപകടത്തിന് കാരണമെന്ന വൈദ്യുതി വകുപ്പ് അധികൃതര്‍ പറഞ്ഞു.

ധാനിപൂരിലെ എയര്‍ ട്രെയിനിങ് സെന്ററിന് സമീപമുള്ള എയര്‍സ്ട്രിപ്പില്‍ വിമാനം ഇറക്കുന്നതിനിടെയാണ് അപകടമുണ്ടായത്.പ്രവര്‍ത്തനം തുടങ്ങിയിട്ടില്ലാത്ത റണ്‍വേയില്‍ വിമാനം ഇറക്കാന്‍ ശ്രമിച്ചതാണ് അപകട കാരണമെന്നാണ് വിലയിരുത്തല്‍. ഇവിടുത്തെ റണ്‍വെയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. റണ്‍വേയ്ക്ക് സമീപമുള്ള ഹൈടെന്‍ഷന്‍ വൈദ്യുതി ലൈനുകള്‍ പൂര്‍ണമായും നീക്കിയിട്ടില്ല.

Top