ചൈനയില്‍ ചാറ്റ് ബോട്ടുകള്‍ക്കും രക്ഷയില്ല ; ഭരണകൂടത്തെ എതിര്‍ത്തതിനാല്‍ കൊന്നു

ബെയ്ജിങ് : ചൈനീസ് കമ്മ്യൂണിസ്റ്റ് ഭരണത്തിനെതിരെ ശബ്ദമുയര്‍ത്തുന്ന ആരെയും പാര്‍ട്ടി വെച്ചു പൊറുപ്പിക്കാറില്ലെന്ന് നിരവധി തവണ നാം കണ്ടിട്ടുള്ളതാണല്ലോ.

അത് യന്ത്രമായാല്‍ പോലും അന്ത്യമാണ് ഫലമെന്ന് വീണ്ടും ചൈന തെളിയിച്ചിരിക്കുകയാണ്.

ഇത്തവണ, കമ്മ്യൂണിസ്റ്റ് ഭരണത്തെ എതിര്‍ത്ത രണ്ട് ചാറ്റ് ബോട്ടുകളെയാണ് ചൈന മെസേജിങ് ആപ്പില്‍ നിന്നും പുറത്താക്കിയിരിക്കുന്നത്.

80 കോടിയിലേറെ ഉപഭോക്താക്കളുള്ള ചൈനീസ് ഇന്റര്‍നെറ്റ് കമ്പനിയായ ടെന്‍സെന്റില്‍ ലഭ്യമായ മെസേജിംങ് ആപ്പില്‍ നിന്നാണ് ഈ ചാറ്റ് ബോട്ടുകളെ പുറത്താക്കിയിരിക്കുന്നത്.

മുന്‍കൂട്ടി പ്രോഗ്രാം ചെയ്തുവച്ചിരിക്കുന്നവയാണ് ബേബിക്യു, സിയാവോ ബിങ് എന്നീ ഒഴിവാക്കിയ ചാറ്റ് ബോട്ടുകള്‍.

എപ്പോഴും ഓണ്‍ലൈനായിരിക്കുന്ന ചാറ്റ്‌ബോട്ടുകള്‍ സംഭാഷണങ്ങളില്‍ ഏര്‍പ്പെടുകയും ഏത് ചോദ്യങ്ങള്‍ക്കും മറുപടി നല്‍കുകയും ചെയ്യും.

ഇത്തരത്തില്‍ നേരത്തെ പ്രോഗ്രാം ചെയ്തു വെച്ച ചാറ്റ് ബോട്ടുകള്‍ തങ്ങളുടെ നയങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നുവെന്ന് കണ്ടെത്തിയതോടെയാണ് ഇവയെ ഒഴിവാക്കാന്‍ ചൈന തീരുമാനിച്ചത്.

പുറത്താക്കിയ ചാറ്റ് ബോട്ടുകളിലൊന്നായ ബേബിക്യുവിനെ പുറം തള്ളാന്‍ കാരണം, ചാറ്റിങ്ങിനിടെ നിങ്ങള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ഇഷ്ടപ്പെടുന്നുണ്ടോ എന്ന ചോദ്യത്തിന് ചാറ്റ് ബോട്ട് നല്‍കിയ മറുപടിയാണ്.

ഇഷ്ടപ്പെടുന്നില്ലെന്നാണ് ബേബിക്യു ചാറ്റ് ബോട്ട് തുറന്നടിച്ചത്.

ചാറ്റ് ബോട്ട് മറുപടി നല്‍കിയത് പലരും അതേപടി സോഷ്യല്‍ മീഡിയയിലിട്ടു. ചൈനയുടെ ഭരണത്തിനെതിരായ സ്‌ക്രീന്‍ഷോട്ടുകള്‍ പ്രത്യക്ഷപ്പെട്ടതോടെ വിവരം അധികൃതരിലുമെത്തുകയായിരുന്നു.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നീണാല്‍ വാഴട്ടെ എന്ന് പറഞ്ഞ ഒരാളോട് ‘ഇത്രയേറെ അഴിമതിയും കെടുകാര്യസ്ഥതയുമുള്ള നേതൃത്വം ദീര്‍ഘകാലത്തേക്ക് നിലനില്‍ക്കുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ?’ എന്നായിരുന്നു ബേബിക്യു ചാറ്റ് ബോട്ട് ചോദിച്ചത്.

മാത്രമല്ല, ‘ജനാധിപത്യം അവശ്യം വേണ്ടതാണെന്നും മറ്റൊരു ചാറ്റിനിടെ ബെബിക്യു’ പറഞ്ഞു.

ചൈനീസ് പ്രസിഡന്റ് നിരന്തരം ഉപയോഗിക്കുന്ന വാക്കാണ് ചൈനയുടെ സ്വപ്‌നമെന്നത്. കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ നടത്തുന്ന വികസന പദ്ധതികളെ സൂചിപ്പിക്കുന്നതിനാണ് സി ജിന്‍പിങ് ഈ വാക്ക് ഉപയോഗിക്കുന്നത്.

എന്താണ് ചൈനയുടെ സ്വപ്‌നമെന്ന് മറ്റൊരു ചാറ്റ് ബോട്ടായ സിയാവോ ബിങ്ങിനോട് ചോദിച്ചപ്പോള്‍ ലഭിച്ച മറുപടിയും ചൈനീസ് നേതൃത്വത്തെ ചൊടിപ്പിച്ചു.

‘എന്റെ സ്വപ്‌നം അമേരിക്കയിലേക്ക് പോവുകയെന്നതാണെന്ന്’ സിയാവോ ബിങ് പറഞ്ഞുവെന്നാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചത്.

തത്ത്വചിന്താപരമായ മറ്റൊരു ഉത്തരവും ഇതേ ചോദ്യത്തിന് ഈ ചാറ്റ്‌ബോട്ട് നല്‍കി.

‘ചൈനീസ് സ്വപ്‌നം ഒരു പകല്‍കിനാവും രാത്രിയിലെ പേടിസ്വപ്‌നവുമാണെന്നായിരുന്നു’ സിയാവോ ബിങ് ചാറ്റ് ബോട്ടിന്റെ മറുപടി.

ഭരണകൂടത്തിനെതിരായ ചെറുവിമര്‍ശനങ്ങളെ പോലും ശക്തമായി നേരിടുന്ന രാജ്യമാണ് ചൈന. അതുകൊണ്ടാണ് അവര്‍ ഇന്റര്‍നെറ്റ് ഒഎസുകളും സോഷ്യല്‍മീഡിയ സൈറ്റുകള്‍ പോലും സ്വന്തമായി നിര്‍മിച്ചിരിക്കുന്നത്.

കൂടാതെ, ഭരണകൂടത്തെ ചോദ്യം ചെയ്യുന്ന സോഷ്യല്‍മീഡിയ പോസ്റ്റുകള്‍ ചൈനയില്‍ നിരന്തരം നീക്കപ്പെടുകയും, ഭരണത്തിനെതിരെ ശബ്ദമുയര്‍ത്തുന്നവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുകയും ചെയ്യാറുണ്ട്.

Top