ജിപിടി സ്റ്റോര്‍ എത്തി, പിന്നാലെ ചാറ്റ് ജിപിടി തകരാറില്‍; ഉപയോഗിക്കാനാവുന്നില്ലെന്ന് ഉപഭോക്താക്കള്‍

പ്പണ്‍ എഐയുടെ ചാറ്റ് ബോട്ട് സേവനമായ ചാറ്റ് ജിപിടിയുടെ പ്രവര്‍ത്തനം വ്യാഴാഴ്ച തടസപ്പെട്ടു. ചാറ്റ് ജിപിടി ഉപയോഗിക്കാനാവുന്നില്ലെന്നറിയിച്ച് പല ഉപഭോക്താക്കളും എക്‌സ് പോലുള്ള സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകളില്‍ പോസ്റ്റുകള്‍ പങ്കുവെച്ചിട്ടുണ്ട്. ആന്‍ഡ്രോയിഡിലും ഡെസ്‌ക്ടോപ്പിലും ചാറ്റ് ജിപിടി പ്രവര്‍ത്തിക്കുന്നില്ലെന്നാണ് ഉപഭോക്താക്കള്‍ പറയുന്നത്. സെര്‍വര്‍ പ്രശ്‌നമുണ്ടെന്നും പിന്നീട് ശ്രമിക്കൂ എന്നുമുള്ള നിര്‍ദേശമാണ് ചാറ്റ്ജിപിടി നല്‍കുന്നത്. പ്രവര്‍ത്തനം തകരാറിലായതോടെ പല ഉപഭോക്താക്കള്‍ക്കും അവരുടെ പഴയ ചാറ്റ് ഹിസ്റ്ററിയും കാണാന്‍ കഴിഞ്ഞില്ല.

ഡൗണ്‍ ഡിറ്റക്ടറില്‍ 600 ല്‍ ഏറെ പേര്‍ ചാറ്റ്ജിപിടിയില്‍ പ്രശ്‌നം ഉണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ ചാറ്റ്‌ബോട്ടിന്റെ പ്രവര്‍ത്തനം തകരാറിലാവാനുള്ള യഥാര്‍ത്ഥ കാരണം എന്താണെന്ന് കമ്പനി ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല.

ചാറ്റ് ജിപിടി സ്റ്റോര്‍ അവതരിപ്പിച്ചതിനെ തുടര്‍ന്നുണ്ടായ ആള്‍ത്തിരക്കാണ് പ്രവര്‍ത്തനം തടസപ്പെടാന്‍ കാരണമെന്നാണ് കരുതുന്നത്. കഴിഞ്ഞ വര്‍ഷവും വലിയ രീതിയില്‍ ചാറ്റ് ജിപിടിയുടെ പ്രവര്‍ത്തനം തടസപ്പെട്ടിരുന്നു.

ബുധനാഴ്ചയാണ് ചാറ്റ്ജിപിടിയുടെ ജിപിടി സ്റ്റോര്‍ അവതരിപ്പിച്ചത്. ജിപിടി പ്ലസ് ഉപഭോക്താക്കള്‍ക്ക് ജിപിടി-4 ല്‍ നിര്‍മിച്ച കസ്റ്റം ജിപിടികള്‍ പബ്ലിഷ് ചെയ്യാനുള്ള പ്ലാറ്റ്‌ഫോമാണിത്. ഡെവലപ്പര്‍മാര്‍ക്ക് അവരുടെ കസ്റ്റം ജിപിടികള്‍ മൊണറ്റൈസ് ചെയ്യാനും ഇതിലൂടെ സാധിക്കും.

ഇതിനൊപ്പം പുതിയ ചാറ്റ് ജിപിടി ടീം സബ്‌സ്‌ക്രിപ്ഷനും അവതരിപ്പിച്ചിട്ടുണ്ട്. ഇതുവഴി ഒരു ഉപഭോക്താവിന് പ്രതിമാസം 25 ഡോളര്‍ നിരക്കില്‍ ചാറ്റ് ജിപിടി പ്ലസ് ഫീച്ചറുകള്‍ ഉപയോഗിക്കാനാവും. ചാറ്റ്ജിപിടി പ്ലസില്‍ നിന്ന് വ്യത്യസ്തമായി ഉയര്‍ന്ന മെസേജ് പരിധി, അഡ്മിന്‍ കണ്‍സോള്‍, മെച്ചപ്പെട്ട ഡാറ്റ അനലറ്റിക്‌സ് എന്നിവ ചാറ്റ് ജിപിടി ടീം സബ്‌സ്‌ക്രിപ്ഷനില്‍ ലഭിക്കും. മാത്രവുമല്ല ഇതില്‍ അംഗമാവുന്നവരുടെ ഡാറ്റ ഭാവി എഐ മോഡലുകളെ പരിശീലിപ്പിക്കാന്‍ ഉപയോഗിക്കുകയുമില്ല.

Top