പേടിഎം ആപ്പില്‍ ചാറ്റ് സൗകര്യം ആരംഭിക്കാനൊരുങ്ങുന്നു

ബെംഗളൂരു: ഡിജിറ്റല്‍ പേമെന്റ് പേടിഎം മൊബൈല്‍ ആപ്ലിക്കേഷനില്‍ ചാറ്റ് സൗകര്യം ആരംഭിക്കുന്നു.

പേമെന്റ് പ്ലാറ്റ്‌ഫോം എന്ന നിലയില്‍ നിന്ന് പേടിഎം പേമെന്റ്‌സ് ബാങ്കിലൂടെ ബാങ്കിംഗ് രംഗത്തേക്കും പേടിഎം മാളിലൂടെ ഇ-കൊമേഴ്‌സ് ബിസിനസിലേക്കും രംഗപ്രവേശനം ചെയ്തതോടെ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ മികച്ച സേവനം നല്‍കേണ്ട ആവശ്യകത മുന്‍നിര്‍ത്തിയാണ് ഈ നീക്കം.

ഈ മാസം തന്നെ പുതിയ സൗകര്യം നിലവില്‍ വരുമെന്നാണ് കരുതുന്നത്.

ഫ്‌ലിപ്കാര്‍ട്ട് അടക്കമുള്ള പല ഇ-കൊമേഴ്‌സ് കമ്പനികളും സമാനമായ ചാറ്റ് സൗകര്യം നല്‍കുന്നുണ്ട്. എന്നാല്‍, പേടിഎം ഇതേക്കുറിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

മെസേജിംഗ് സേവനത്തിലേക്കുള്ള പേടിഎമ്മിന്റെ ആദ്യത്തെ ചുവടുവെപ്പല്ല ഇത്. 2014 ല്‍ ഉപഭോക്താക്കള്‍ക്ക് കച്ചവടക്കാരുമായി ഇടപാടുകള്‍ നടത്തുന്നതിന് മൊബൈല്‍ മെസഞ്ചറുമായി ചേര്‍ന്ന് ഒരു ഷോപ്പിംഗ് ആപ്പ് കമ്പനി പുറത്തിറക്കിയിരുന്നു.

Top