കണ്ണൂര്‍ : വിപ്ലവ പോരാട്ടത്തിന്റെ എക്കാലത്തെയും വീരനായകന്‍ ചെഗുവേരയുടെ മകള്‍ കേരളത്തിലെത്തുന്നു. ചുവപ്പിന്റെ ശക്തികേന്ദ്രമായ കണ്ണൂരിലേക്കാണ് ഡോ അലൈഡ ഗുവേര എത്തുന്നത്.
29 ന് വൈകിട്ട് നായനാര്‍ അക്കാദമിയില്‍ നടക്കുന്ന ക്യൂബന്‍ ഐക്യദാര്‍ഢ്യ സമ്മേളനത്തില്‍ പങ്കെടുക്കാനായാണ് അവര്‍ കണ്ണൂരിലെത്തുന്നത്. ലാറ്റിനമേരിക്കയെക്കുറിച്ചുള്ള പുസ്തകങ്ങളുടെ പ്രകാശനവും ചടങ്ങില്‍ നടക്കും.
സിപിഐ എം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയും പ്രസാധനരംഗത്തെ പെണ്‍കൂട്ടായ്മയായ തൃശൂര്‍ സമതയും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. വെള്ളിയാഴ്ച സംഘാടക സമിതി രൂപീകരിക്കും.
1997ലാണ് ഇതിനു മുന്‍പ് അലൈഡ ഗുവേര കേരളം സന്ദര്‍ശിച്ചത്. സംസ്ഥാനത്ത് വിവിധയിടങ്ങളിലായി സ്‌നേഹോഷ്മളമായ സ്വീകരണമാണ് അലൈഡയ്ക്ക് അന്ന് ലഭിച്ചത്.
ചെഗുവേരയുടെ രണ്ടാം ഭാര്യയിലെ നാല് മക്കളില്‍ മൂത്തവളാണ് അലൈഡ. ക്യൂബയുടെ തലസ്ഥാനമായ ഹവാനയിലെ കുട്ടികളുടെ ആശുപത്രിയില്‍ ഡോക്ടറായി സേവനം അനുഷ്ഠിക്കുകയാണ് എലൈഡ. അംഗോള, ഇക്വഡോര്‍, നിക്കരാഗ്വ എന്നിവിടങ്ങളിലും അവര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.