മീന്‍ കറി കൂട്ടിയുള്ള ഊണിന് 21 രൂപ; വില കുറഞ്ഞ ഉച്ചഭക്ഷണ പദ്ധതിയുമായി മമത ബാനര്‍ജി

MAMTHA

കൊല്‍ക്കത്ത: മീന്‍കറി കൂട്ടിയുള്ള വിഭവ സമൃദ്ധമായ ഉച്ച ഊണിന് 21 രൂപ ഈടാക്കി മമതയുടെ പുതിയ പദ്ധതി. സംസ്ഥാനത്തെ ജനങ്ങള്‍ക്ക് പോഷകാഹാരമായ ഭക്ഷണം നല്‍കുക എന്ന ലക്ഷ്യത്തോടെ മമത ബാനര്‍ജി ആരംഭിച്ച ഉച്ചഭക്ഷണ പദ്ധതിയാണ് “ഇക്കൂഷ് അന്നപൂര്‍ണ”.

പദ്ധതി കൊല്‍ക്കത്തയില്‍ വിജയിച്ചതൊടെ സംസ്ഥാനം മുഴുവന്‍ വ്യാപിപ്പിക്കാനാണ് മമതയുടെ തീരുമാനം. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇത്തരത്തില്‍ ഭക്ഷണം ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. പദ്ധതി മെയ് ഒന്ന് മുതല്‍ ജില്ലകളില്‍ നടപ്പില്‍ വരും.

ഒരു പ്ലേറ്റ് ചോറും, പച്ചക്കറി, ചട്ട്‌നി, മീന്‍ കറി എന്നിവ ഉള്‍പ്പെടുന്ന ഭക്ഷണത്തിന് 21 രൂപ ഈടാക്കാനാണ് പദ്ധതിയില്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചത്. സംസ്ഥാനത്തെ മത്സ്യവിഭാഗം മുന്‍ കൈയ്യെടുത്താണ് ഇത്തരം ഒരു നടപടിക്ക് തുടക്കം കുറിച്ചത്. ബാറ്ററിയില്‍ ഓടുന്ന കാറുകളില്‍ കൃത്യ സമയത്ത് ജില്ലകളിലെ പ്രധാന കേന്ദ്രങ്ങളില്‍ ഭക്ഷണം എത്തിക്കും.

തുടക്കത്തില്‍ കോടതിയുടെ പരിസരങ്ങളിലും, സര്‍ക്കാര്‍ ഓഫീസ് പരിസരങ്ങളിലുമാണ് പുതിയ പരിപാടി തുടങ്ങാന്‍ പദ്ധതിയിടുന്നത്. തുടര്‍ന്ന് പ്രധാന കേന്ദ്രങ്ങളിലും വ്യാപിപ്പിക്കുമെന്നും സംസ്ഥാന മത്സ്യബന്ധന വകുപ്പ് മന്ത്രി ചന്ദ്രനാഥ് സിന്‍ഹ അറിയിച്ചു. പദ്ധതി നടപ്പാക്കിയാല്‍ തങ്ങള്‍ക്കും അതൊരു ലാഭമാകുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍ ജീവനക്കാരും.

പരീക്ഷണാര്‍ഥം കൊല്‍ക്കത്തയില്‍ 2017 ഫെബ്രുവരിയില്‍ പരീക്ഷിച്ചു വിജയിച്ചതിനു ശേഷമാണ് സംസ്ഥാനത്ത് മുഴുവന്‍ പദ്ധതി വിപുലീകരിക്കാന്‍ തീരുമാനമായത്. സംസ്ഥാന മത്സ്യ തൊഴിലാളി വികസന കോര്‍പ്പറേഷനാണ് പദ്ധതി ഏറ്റെടുത്ത് നടപ്പാക്കുന്നത്.

ജില്ലാ കോടതിയുടെ പരിസരങ്ങളില്‍ നൂറോളം ഉദ്യോഗസ്ഥരും, ദിനം പ്രതി ആയിരത്തോളം സന്ദര്‍ശകരും ഉണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇവരെ കണ്ടുകൊണ്ടാണ് ഇത്തരം ഒരു പദ്ധതി നടപ്പിലാക്കാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കുറഞ്ഞ വിലയില്‍ ജനങ്ങള്‍ക്ക് ഭക്ഷണം എത്തിക്കുക, അല്ലാതെ ലാഭമോ, നഷ്ടമോ നോക്കിയല്ല ഇത്തരം ഒരു പദ്ധതി തുടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. നൂറു ശതമാനം ശുചിത്വത്തോടെയാണ് ഭക്ഷണം പാകം ചെയ്യുന്നതും പായ്ക്ക് ചെയ്യുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു.

എല്ലാവര്‍ക്കും കുറഞ്ഞ വിലയ്ക്ക് പോഷകാഹാരമുള്ള ഭക്ഷണം നല്‍കുക എന്ന മമതയുടെ സ്വപ്നമാണ് സംസ്ഥാനത്ത് പദ്ധതി നടപ്പായാല്‍ സാക്ഷാത്ക്കരിക്കാന്‍ പോകുന്നത്.

Top