ഡല്‍ഹി: രാജ്യത്ത് കഞ്ചാവ് നിയമവിധേയമാക്കണമെന്ന് ആവശ്യങ്ങള്‍ ഉയരവെ, കഞ്ചാവിന്റെ ഗുണങ്ങളെ കുറിച്ച് പരിശോധിച്ച് ഒരു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് തയാറാക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ആരോഗ്യമന്ത്രാലയത്തോട് ആവശ്യപ്പെട്ടു.
രണ്ടുമാസം മുമ്പ് ” ദ ഗ്രേറ്റ് ലീഗലൈസേഷന്‍ മൂവ്‌മെന്റിന്റെ” സ്ഥാപകന്‍ വിക്കി വൗറോറ കഞ്ചാവ് നിയമ വിധേയമാക്കണമന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. കഞ്ചാവ് മരുന്നും മറ്റു ആവശ്യങ്ങള്‍ക്കുമായി ഉപയോഗ പ്രദമാക്കണമെന്നായിരുന്നു കത്തിലെ ആവശ്യം. എന്നാല്‍ കത്തിന് മറുപടി നല്‍കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് തയാറായില്ലെങ്കിലും കാര്യത്തെ കുറിച്ച് അന്വേഷിക്കാന്‍ തയാറാവുകയായിരുന്നു. അതുതന്നെ വലിയ മുന്നേറ്റമാണെന്ന് വിക്കി വൗറോറ അഭിപ്രായപ്പെട്ടു.
കഴിഞ്ഞ മൂന്നു മാസത്തോളമായി രാജ്യത്തെ പ്രധാനപ്പെട്ട പതിനാറ് നഗരങ്ങളില്‍ ദ ഗ്രേറ്റ് ലീഗലൈസേഷന്‍ മൂവ്‌മെന്റ് ഇന്ത്യ പ്രകടനം സംഘടിപ്പിച്ചിരുന്നു.കേരളത്തില്‍ തിരുവനന്തപുരത്തും കൊച്ചിയിലും പ്രകടനം നടത്തിയിരുന്നു. കൂടാതെ ലോകവ്യാപകമായി 25,000 പേരെയും നിയോഗിച്ചിട്ടുണ്ട്.
കാന്‍സര്‍ ഉള്‍പ്പെടെ പല രോഗങ്ങള്‍ക്കും കഞ്ചാവ് കൊണ്ട് പരിഹാരം നല്‍കാന്‍ സാധിക്കുമെന്ന് ഇവര്‍ പറഞ്ഞു. ചികിത്സാപരമായ ആവശ്യങ്ങള്‍ക്കായി കഞ്ചാവ് നിയമവിധേയമാക്കണമെന്നാണ് വിക്കി വൗറോറയുടെ വാദം. 2014-മുതല്‍ 1000 പേര്‍ക്ക് ഇതുമായി ബന്ധപ്പെട്ട് ചികിത്സ നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കഞ്ചാവ് ഇന്ത്യയുടെ പാരമ്പര്യം ആണെന്നും അഥര്‍വ്വവേദത്തില്‍ കഞ്ചാവിനെ കുറിച്ച് പറയുന്നുണ്ടെന്നും കഞ്ചാവിന്റെ ഔഷധ മൂല്യങ്ങള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ തെളിയിക്കപ്പെട്ടതാണെന്നും ഇവര്‍ പറയുന്നു. കഞ്ചാവ് ശിവന്റെ ചെടിയാണെന്ന് ഹിന്ദു പുരാണങ്ങളില്‍ പറയുന്നുണ്ട്. അതുകൊണ്ടു തന്നെ കഞ്ചാവിനെ നിയമവിധേയമാക്കേണ്ടത് നമ്മുടെ ആവശ്യകതയാണെന്നും അദ്ദേഹം പറഞ്ഞു.
ശീതകാല സമ്മേളനത്തില്‍ പാട്യാല എംപി ധര്‍മ്മവീര്‍ ഗാന്ധി കഞ്ചാവ് നിയമ വിധേയമാക്കുന്നതിനായി പാര്‍ലമെന്റില്‍ അഭിപ്രായപ്പെട്ടിരുന്നു. കഴിഞ്ഞ ഡിസംബറിലാണ് ഇക്കാര്യം അദ്ദേഹം പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. ബജറ്റില്‍ പ്രതീക്ഷിച്ചിരുന്നെങ്കിലും ഇതിന് വ്യക്തമായ അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും വിക്കി വൗറോറ അറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൂടാതെ എല്ലാ ലോക്‌സഭാ, രാജ്യസഭാ അംഗങ്ങള്‍ക്കും ഇത്തരമൊരു കത്ത് അയച്ചതായും മൂവ്‌മെന്റ് സ്ഥാപകന്‍ വിക്കി വൗറോറ അറിയിച്ചിരുന്നു.