റിവ്യൂ ബോംബിങ് കേസില്‍ പ്രത്യേക സംഘം അന്വേഷണം തുടങ്ങി. റാഹേല്‍ മകന്‍ കോര എന്ന സിനിമയുടെ സംവിധായകന്‍ ഉബൈനിയുടെ പരാതിയിലാണ് അന്വേഷണം. കൊച്ചി പൊലീസ് സിനിമ റിവ്യൂ ബോംബിങ്ങില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ സിനിമ മോശമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. സൈബര്‍ സെല്ലിന്റെ സഹായത്തോടെ കൂടുതല്‍ റിവ്യൂ അക്കൗണ്ടുകള്‍ പരിശോധിക്കുന്ന നടപടികള്‍ നടന്ന് വരികയാണ്.
റിവ്യൂ ബോംബിങ്ങില്‍ ഒന്‍പതു പേര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സിനിമ റിലീസ് ചെയ്യുന്നതിനു പിന്നാലെ നിരവധി അക്കൗണ്ടുകളിലൂടെ സിനിമയ്‌ക്കെതിരെ നെഗറ്റിവ് കമന്റുകളും മറ്റും പോസ്റ്റ് ചെയ്ത് സിനിമയെ മോശമാക്കി ചിത്രീകരിക്കുന്നതിനെയാണ് റിവ്യൂ ബോംബിങ് എന്നു പറയുന്നത്. സിനിമാ റിവ്യൂ ബോംബിങ് അനുവദിക്കില്ലെന്ന കടുത്ത നിലപാടുമായി നിര്‍മാതാക്കള്‍ രംഗത്തെത്തിയിരുന്നു. നിര്‍മാതാക്കളുടെ സംഘടന അക്രഡിറ്റേഷന്‍ നല്‍കുന്നവരെ മാത്രമെ സിനിമ പ്രമോഷനില്‍ സഹകരിപ്പിക്കൂ. നിര്‍മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റേതാണ് തീരുമാനം.
മികവും അംഗീകാരവും പ്രാപ്തിയുമുള്ളവരെ കണ്ടെത്തി അക്രഡിറ്റേഷന്‍ നല്‍കും. വാര്‍ത്താസമ്മേളനങ്ങളിലടക്കം എത്തുന്ന ഡിജിറ്റല്‍ മാര്‍ക്കറ്റിങുകാരെയും നിയന്ത്രിക്കും. ഡിജിറ്റല്‍ മാര്‍ക്കറ്റിങ് രംഗത്തുള്ളവരെ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യുമെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പറഞ്ഞു.