ഇടുക്കി: ഓണനാളുകളില്‍ സംസ്ഥാനത്തേക്കുള്ള ലഹരി ഒഴുക്ക് തടയാനായി അതിര്‍ത്തികളില്‍ സുരക്ഷ ശക്തമാക്കാനൊരുങ്ങി പൊലീസ് -എക്‌സൈസ് വകുപ്പ്. കേരള,തമിഴ്‌നാട് പൊലീസ്-എക്‌സൈസ് വകുപ്പുകളുടെ സംയുക്ത യോഗത്തിലാണ് തീരുമാനം.ഓണനാളുകളില്‍ തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലേയ്ക്കുള്ള മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും കടത്ത് തടയാന്‍ ഇരു സംസ്ഥാനങ്ങളിലെയും വനം, പൊലീസ്, എക്‌സൈസ് വകുപ്പുകള്‍ സംയുക്ത പരിശോധനകള്‍ നടത്തും.
കേരളത്തിലേക്ക് വന്‍തോതില്‍ ലഹരിമരുന്നും വ്യാജമദ്യവും എത്താനിടയുണ്ടെന്ന് എക്‌സൈസ് ഇന്റലിജന്‍സിന് വിവരം ലഭിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് നടപടി. അതിര്‍ത്തികളിലെ പ്രധാന റോഡുകള്‍ക്ക് പുറമെ വനത്തിലൂടെയുള്ള സമാന്തര പാതകളും കടത്തുകാര്‍ ഉപയോഗിക്കുമെന്നാണ് വിവരം. ഇടുക്കി ഉടുമ്പന്‍ചോലയില്‍ മാത്രം ഇത്തരത്തില്‍ 20 സമാന്തര പാതകള്‍ ഉണ്ടെന്ന് എക്‌സൈസ് കണ്ടെത്തിയിട്ടുണ്ട്. ഇതേത്തുടര്‍ന്നാണ് ഇരു സംസ്ഥാനങ്ങളിലെയും നാര്‍ക്കോട്ടിക്ക് ഇന്റലിജന്‍സ് ബ്യൂറോകള്‍ സംയുക്ത യോഗം ചേര്‍ന്ന് തീരുമാനം കൈകൊണ്ടിരിക്കുന്നത്.
അതേസമയം, തമിഴ്നാട്ടില്‍ നിന്നും തൊഴിലാളികളുമായി എത്തുന്ന വാഹനങ്ങളിലും മുണ്ടക്കയം പെരുവന്താനം ചന്തയിലേയ്ക്ക് കന്നുകാലികളെ എത്തിക്കുന്ന വാഹനങ്ങളിലും കഞ്ചാവ് ഉള്‍പ്പെടെയുള്ളവ കടത്തുന്നതായും അധികൃതര്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. അതിനാല്‍ അതിര്‍ത്തിയില്‍ വനിതാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട പരിശോധന സംഘത്തെ നിയോഗിക്കാനും തീരുമാനിച്ചു.