തിരുവനന്തപുരം: നിയമസഭയില്‍ പൊലീസ് വകുപ്പുമായി ബന്ധപ്പെട്ട് ഉന്നയിക്കപ്പെടുന്ന ചോദ്യങ്ങള്‍ക്ക് സര്‍ക്കാരില്‍നിന്ന് ഉത്തരം ലഭിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ചോദ്യോത്തരവേളയില്‍ ഇതുവരെ ഉന്നയിച്ച 113 ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയില്ല. ഇത് നിയമസഭയിലെ അംഗങ്ങളുടെ അവകാശലംഘനമാണെന്നും അദ്ദേഹം വ്യക്തമാക്കി.
25ാം തീയതി സഭ ചേര്‍ന്നയുടന്‍തന്നെ നല്‍കിയ ചോദ്യങ്ങള്‍ക്കാണ് ഇതുവരെ ഉത്തരം ലഭിക്കാത്തതെന്നാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണം.
ഭരണപ്രതിപക്ഷ അംഗങ്ങള്‍ നല്‍കിയിട്ടുള്ള ചോദ്യങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. എന്നിട്ടും ഇതിലൊരു ചോദ്യത്തിനുപോലും സഭാതലത്തില്‍ ഉത്തരം നല്‍കാന്‍ മുഖ്യമന്ത്രി തയാറായിട്ടില്ലെന്നും ഇതു സഭാംഗങ്ങളുടെ അവകാശങ്ങളുടെ ലംഘനമാണെന്നും ചെന്നിത്തല പറഞ്ഞു.
പൊലീസ്, ജയില്‍ വകുപ്പുകളുടെ ധനാഭ്യര്‍ഥനകള്‍ ചര്‍ച്ച ചെയ്ത് പാസാക്കേണ്ടതുണ്ട്. പൊലീസ് വകുപ്പുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിക്കാതെ പ്രതിപക്ഷം എങ്ങനെയാണ് ധനാഭ്യര്‍ഥന ചര്‍ച്ചകളില്‍ പങ്കെടുത്ത് ഗൗരവതരമായ ചോദ്യങ്ങള്‍ ഉന്നയിക്കുകയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. വകുപ്പുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിക്കാതെ ഇത്തരം ചര്‍ച്ചകള്‍ നടത്തുന്നതില്‍ എന്തു കാര്യമാണുള്ളതെന്നും അദ്ദേഹം ചോദിച്ചു.
അതേസമയം, ഇതേക്കുറിച്ച് അന്വേഷിച്ച് മറുപടി നല്‍കാമെന്ന് മുഖ്യമന്ത്രി മറുപടി നല്‍കി. ഇപ്പോള്‍ വിശദാംശങ്ങള്‍ കൈയിലില്ലെന്നു ചൂണ്ടിക്കാട്ടിയാണ്് പിന്നീട് മറുപടി നല്‍കാമെന്ന് അദ്ദേഹം അറിയിച്ചത്.
എന്നാല്‍ സംഭവം ഗൗരവ സ്വഭാവമുള്ളതാണെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. ഇതേക്കുറിച്ച് അന്വേഷിച്ച് ആവശ്യമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പ്രതിപക്ഷത്തിന് ഉറപ്പു നല്‍കി.
ഡിജിപി ടി.പി. സെന്‍കുമാറിന്റെ പുനര്‍നിയമനവുമായി ബന്ധപ്പെട്ട്, ആരാണ് ഇപ്പോഴത്തെ പൊലീസ് മേധാവിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിയോടു ചോദിച്ചിരുന്നു. എന്നാല്‍, ഇതിന് വ്യക്തമായ ഉത്തരം മുഖ്യമന്ത്രി നല്‍കിയില്ല. ഇതേ തുടര്‍ന്നാണ് ആരോപണവുമായി പ്രതിപക്ഷ നേതാവ് രംഗത്തെത്തിയത്.