ചെല്ലാനം മേഖലയില്‍ 1100 മീറ്റര്‍ ദൂരത്തില്‍ കടല്‍ഭിത്തി നിര്‍മിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി

തിരുവനന്തപുരം: കടല്‍ക്ഷോഭം ദുരിതം വിതച്ച ചെല്ലാനം മേഖലയില്‍ ആയിരത്തി ഒരുന്നൂറ് മീറ്റര്‍ ദൂരത്തില്‍ കടല്‍ഭിത്തി നിര്‍മിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസ്. എറണാകുളത്തെ തീരദേശ മേഖലയില്‍ ആറ് പുലിമുട്ടുകള്‍ നിര്‍മിക്കും. ചെല്ലാനത്തെ സമരമവസാനിപ്പിക്കാനായി രൂപപ്പെടുത്തിയ ഒത്തുതീര്‍പ്പ് ഫോര്‍മുലയുടെ ഭാഗമായാണ് തീരുമാനം.

ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കടലാക്രമണത്തില്‍ വ്യാപക നാശനഷ്ടങ്ങളുണ്ടായ ചെല്ലാനത്ത് ആറ് ദിവസമായി പ്രദേശവാസികള്‍ നടത്തിവന്ന സമരം ഒത്തുതീര്‍പ്പ് ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ പിന്‍വലിച്ചിരുന്നു. കലക്ടറുമായി സമരക്കാര്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് ലഭിച്ച ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് സമരം പിന്‍വലിച്ചത് .

സമരസമിതി ഉന്നയിച്ച പ്രധാന ആവശ്യമായ കടല്‍ഭിത്തി, പുലിമുട്ട് നിര്‍മാണം എന്നിവ സംബന്ധിച്ചുള്ള സര്‍ക്കാര്‍ പ്രഖ്യാപനമാണ് ജലവിഭവമന്ത്രി മാത്യു ടി തോമസ് നടത്തിയത്. ആറ് മീറ്റര്‍ ഉയരത്തില്‍ ജിയോ ട്യൂബുകളില്‍ മണല്‍ നിറച്ച് 1100 മീറ്റര്‍ ദൂരത്തിലാകും ചെല്ലാനം മേഖലയില്‍ കടല്‍ഭിത്തി നിര്‍മിക്കുക. എടവനക്കാട് മേഖലയില്‍ 4-ഉം, ചെല്ലാനം മേഖലയില്‍ 2 -ഉം പുലുമുട്ടുകള്‍ ഐഐടി മാര്‍ഗ നിര്‍ദേശമനുസരിച്ച് നിര്‍മിക്കും.

കടല്‍ഭിത്തിയുടെയും പുലിമുട്ടുകളുടെയും നിര്‍മാണം ഫെബ്രുവരി അവസാനത്തോടെ തുടങ്ങും. കേരളത്തിലെ എല്ലാ ജില്ലകളിലും കടല്‍ഭിത്തി നിര്‍മാണം സംബന്ധിച്ച് പഠനം നടത്തുമെന്നും മന്ത്രി പറഞ്ഞു.

Top