ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ സമനിലയില്‍ തളച്ച് ചെല്‍സി. ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി. ഒരു ഘട്ടത്തില്‍ വിജയത്തിലേക്ക് നീങ്ങിയ ചെല്‍സിക്ക് തിരിച്ചടി നല്‍കിയത് 83-ാം മിനിറ്റിലെ റോഡ്രിയുടെ ഗോളാണ്. മത്സരത്തിന്റെ 71 ശതമാനവും പന്തിനെ നിയന്ത്രിച്ചത് മാഞ്ചസ്റ്റര്‍ സിറ്റിയായിരുന്നു. ചെല്‍സിയേക്കാള്‍ മൂന്നിരട്ടി അവസരങ്ങള്‍ സൃഷ്ടിച്ച സിറ്റിക്ക് നിരാശപ്പെടുത്തുന്ന ഫലമാണ് ഉണ്ടായത്.
രണ്ടാം പകുതിയിലും സിറ്റി നിരവധി അവസരങ്ങള്‍ സൃഷ്ടിച്ചു. മത്സരത്തില്‍ സിറ്റി താരങ്ങള്‍ 31 ഷോട്ടുകള്‍ പായിച്ചു. എന്നാല്‍ ലക്ഷ്യത്തിലേക്ക് അടിച്ചത് ഒമ്പതെണ്ണം മാത്രമാണ്. ഒമ്പത് ഷോട്ടുകള്‍ മാത്രം അടിച്ച ചെല്‍സി അഞ്ചെണ്ണം ലക്ഷ്യത്തിലേക്ക് പായിച്ചു. പോയിന്റ് ടേബിളില്‍ സിറ്റി മൂന്നാമതും ചെല്‍സി 10-ാമതുമാണ്.
മത്സരത്തിന്റെ ആദ്യ പകുതിയില്‍ 67 ശതമാനവും സിറ്റി താരങ്ങളുടെ പാദങ്ങളിലായിരുന്നു പന്ത്. 13 തവണ സിറ്റി അവസരങ്ങള്‍ സൃഷ്ടിച്ചു. എന്നാല്‍ രണ്ട് തവണ മാത്രമാണ് സിറ്റി താരങ്ങള്‍ ലക്ഷ്യത്തിലേക്ക് ഗോള്‍ പായിച്ചത്. എന്നാല്‍ 42-ാം മിനിറ്റിലെ ഗോളിലൂടെ ചെല്‍സി മത്സരത്തില്‍ മുന്നിലെത്തി.