മീനില്‍ മായം ചേര്‍ക്കലില്‍ സര്‍ക്കാര്‍ നടപടി; ആരോഗ്യമന്ത്രിഉന്നതതല യോഗം വിളിച്ചു

shylaja-kk

തിരുവനന്തപുരം : സംസ്ഥാനത്തേക്ക് വ്യാപകമായ രീതില്‍ രാസ വസ്തു കലര്‍ത്തിയ മീനുകള്‍ എത്തിയതോടെ നടപടിയുമായി സര്‍ക്കാര്‍. ഫോര്‍മാലിന്‍ കലര്‍ന്ന മത്സ്യം വ്യാപകമായി സംസ്ഥാനത്തേക്കെത്തുന്ന പശ്ചാത്തലത്തില്‍ ഭക്ഷ്യസുരക്ഷാ പരിശോധനകള്‍ കര്‍ശനമാക്കാന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചു.

2006ലെ ഭക്ഷ്യസുരക്ഷാ ആക്ട് കര്‍ശനമാക്കുന്നത് പരിശോധിക്കാന്‍ ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേരും. ആരോഗ്യ വകുപ്പ് സെക്രട്ടറിയും ഭക്ഷ്യ സുരക്ഷാ കമ്മീഷണറും അടക്കമുള്ളവര്‍ യോഗത്തില്‍ പങ്കെടുക്കും.

ഫോര്‍മാലിന്‍ കലര്‍ന്ന മത്സ്യത്തിനൊപ്പം മറ്റ് ഭക്ഷ്യ വസ്തുക്കളിലെ മായവും കണ്ടെത്താന്‍ പരിശോധനകള്‍ കര്‍ശനമാക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ യോഗത്തില്‍ നല്‍കും.

കൊല്ലം ആര്യങ്കാവ് ചെക്ക്‌പോസ്റ്റില്‍ രാസ വസ്തു കലര്‍ത്തിയ 9000 കിലോ മീന്‍ ഇന്നു പുലര്‍ച്ചെ പിടികൂടിയിരുന്നു, ഓപ്പറേഷന്‍ സാഗര്‍ റാണിയുടെ ഭാഗമായാണ് പരിശോധന ഫുഡ് സേഫ്റ്റി വിഭാഗം നടത്തിയത്. തൂത്തുകുടി,മണ്ഡപം എന്നിവിടങ്ങളില്‍ നിന്ന് കൊച്ചിയിലേക്കും ഏറ്റുമാനൂരേക്കും കടത്തിയ മീനാണ് പിടികൂടിയത്.

തമിഴ്‌നാട് തൂത്തുകുടി,രാമേശ്വരം മണ്ഡപം എന്നിവിടങ്ങളില്‍ നിന്ന് രണ്ടു ലോറികളിലായി കൊച്ചിയിലേക്കും ഏറ്റുമാനൂരേക്കും കടത്തിയ 7000 കിലോ ചെമ്മീനും, 2000 കിലോ മറ്റ് മത്സ്യവും പരിശോധിച്ചതില്‍ ഫോര്‍മാലിന്റെ സാന്നിദ്ധ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് മീന്‍ പിടികുടിയത്

Top