chenani nashri tunnel

ന്യൂഡല്‍ഹി: ജമ്മുകശ്മീരില്‍ 9.2 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഒരു തുരങ്കം അടുത്ത ദിവസം ഉദ്ഘാടനം ചെയ്യപ്പെടുകയാണ്.

ഉധംപുര്‍ ജില്ലയിലെ ചെനാനിയില്‍ ആരംഭിച്ച്, റംബാന്‍ ജില്ലയിലെ നശ്രിയില്‍ അവസാനിക്കുന്ന ഈ തുരങ്കം ഹിമാലയത്തെ തുളച്ച് കടന്നുപോകുന്നു. ഇന്ത്യയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ തുരങ്കപാതയാണിത്.

ജമ്മുവില്‍നിന്ന് ശ്രീനഗറിലേയ്ക്കുള്ള ദേശീയപാത 44ല്‍ നിര്‍മാണം പൂര്‍ത്തീകരിച്ചിരിക്കുന്ന ഈ തുരങ്കപാത സമുദ്രനിരപ്പില്‍നിന്ന് 1,200 മീറ്റര്‍ ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്. കുദ്, പറ്റ്‌നിടോപ് എന്നിവടങ്ങള്‍ വഴിയുള്ള മഞ്ഞുവീഴ്ചയും മലയിടിച്ചിലുമുള്ള ദുര്‍ഘടമായ പാതയിലൂടെയുള്ള യാത്രയാണ് തുരങ്കപാത യാഥാര്‍ത്ഥ്യമാകുന്നതോടെ ഒഴിവാകുന്നത്. ഈ പാതയിലൂടെ സഞ്ചരിക്കുമ്പോള്‍ 30 കിലോമീറ്ററാണ് ലാഭിക്കാനാവുക. യാത്രാ സമയത്തില്‍ രണ്ടു മണിക്കൂര്‍ കുറവു വരും.

3,720 കോടി രൂപയാണ് തുരങ്കപാതയുടെ നിര്‍മാണത്തിനായി ചിലവുവന്നത്. അഞ്ചര വര്‍ഷംകൊണ്ടാണ് ഈ പാതയുടെ പണി പൂര്‍ത്തിയാക്കിയത് എന്നതും സവിശേഷതയാണ്. പരമാവധി സുരക്ഷ ഉറപ്പുവരുത്തി, അടിയന്തിര സാഹചര്യങ്ങള്‍ നേരിടുന്നതിനുള്ള ക്രമീകരണങ്ങളോടെയാണ് തുരങ്കം നിര്‍മിച്ചിരിക്കുന്നത്. ഇതിനായി ആധുനിക സാങ്കേതികവിദ്യകളാണ് ഉപയോഗിച്ചിരിക്കുന്നത്.

സമാന്തരമായ രണ്ട് തുരങ്കങ്ങളുടെ സമുച്ചയമാണ് ഈ പാത. 13 മീറ്റര്‍ വ്യാസമുള്ള പ്രധാന പാതയും അതിന് സമാന്തരമായി ആറ് മീറ്റര്‍ വ്യാസമുള്ള മറ്റൊരു സുരക്ഷാ പാതയുമാണുള്ളത്. ഇവയെ തമ്മില്‍ ബന്ധിപ്പിക്കുന്ന 29 ചെറു പാതകളുണ്ട്. ഇവയുടെ എല്ലാം കൂടി ദൈര്‍ഘ്യം ഒരു കിലോമീറ്റര്‍ വരും. രണ്ടു പാതകളുടെയും ബന്ധിപ്പിക്കുന്ന പാതകളുടെയുമടക്കം നിര്‍മാണം പൂര്‍ത്തീകരിച്ച ആകെ ദൂരം 19 കിലോമീറ്ററാണ്.

പ്രധാന പാതയില്‍ ഏതെങ്കിലും തരത്തിലുള്ള തടസ്സമോ അപകടമോ സംഭവിച്ചാല്‍ സമാന്തരമായി ഉപയോഗിക്കുന്നതിനാണ് സുരക്ഷാ പാത നിര്‍മിച്ചിരിക്കുന്നത്. അത്തരം സാഹചര്യങ്ങളില്‍ സമാന്തര പാതയിലേയ്ക്ക് പ്രവേശിക്കുന്നതിനാണ് ഇവയെ പരസ്പരം ബന്ധിപ്പിച്ച് 29 പ്രവേശന പാതകളാണ് നിര്‍മിച്ചിരിക്കുന്നത്.

പ്രധാന പാതയില്‍ ഓരോ എട്ട് മീറ്ററിലും ശുദ്ധവായു ലഭ്യമാക്കുന്നതിനുള്ള സജ്ജീകരണമുണ്ട്. അശുദ്ധ വായു പുറന്തള്ളുന്നത് സമാന്തരമായുള്ള സുരക്ഷാ പാതയിലൂടെയാണ്. ഇതിനായി പ്രധാനപാതയില്‍ ഓരോ നൂറ് മീറ്ററിലും സംവിധാനമുണ്ട്. വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ സംഭവിക്കുന്ന വായുവിന്റെ ചലനത്തെക്കൂടി ഉപയോഗപ്പെടുത്തിക്കൊണ്ടാണ് ഇത് പ്രവര്‍ത്തിക്കുന്നത്. പ്രത്യേക ഫാനുകളും ഇതിനായി തുരങ്കത്തിനുള്ളില്‍ സ്ഥാപിച്ചിട്ടുണ്ട്.

ഇത്തരത്തില്‍ വായു സഞ്ചാരം ക്രമീകരിച്ച് നിര്‍മിച്ച രാജ്യത്തെ ആദ്യത്തെ തുരങ്കപാതയാണ് ചെനാനിനശ്രി പാതയെന്ന് പാതനിര്‍മിച്ച ഇഫ്രാസ്‌ട്രെക്ചര്‍ ലീസിങ് ആന്‍ഡ് ഫൈനാന്‍ഷ്യല്‍ സര്‍വ്വീസ് (ഐഎല്‍&എഫ്എസ്) ലിമിറ്റഡിന്റെ ഡയറക്ടര്‍ ജെ.എസ് റാത്തോര്‍ പറഞ്ഞു. പുറത്തെ വെളിച്ചത്തില്‍നിന്ന് തുരങ്കത്തിലെ വൈദ്യുത വെളിച്ചത്തിലേയ്ക്ക് പെട്ടെന്ന് കയറുമ്പോള്‍ കാഴ്ചയ്ക്കുണ്ടാവുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ പ്രത്യേക ക്രമീകരണങ്ങളുമുണ്ട്.

പുറത്തുനിന്നുകൊണ്ടുതന്നെ പാതയ്ക്കുള്ളിലെ സാഹചര്യങ്ങള്‍ അറിയാനും നിയന്ത്രിക്കാനുമാവും എന്നതാണ് പ്രധാന സവിശേഷത. ഇതിനായി ടണല്‍ കണ്‍ട്രോള്‍ റൂം ഉണ്ട്. ഉള്ളിലെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനായി 124 ക്യാമറകളാണ് തുരങ്കപാതയില്‍ സ്ഥാപിച്ചിരിക്കുന്നത്. കൂടാതെ തുരങ്കത്തിനുള്ളിലെ ചൂട് തിരിച്ചറിയുന്നതിനുള്ള സംവിധാനവുമുണ്ട്. അത്യാവശ്യ ഘട്ടങ്ങളില്‍ പുറത്തുനിന്നുള്ള സഹായം ലഭ്യമാക്കുന്നതിന് ഇത് സഹായിക്കും.

യാത്രികര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ നേരിട്ടാല്‍ സഹായം തേടുന്നതിനായി ഓരോ 150 മീറ്റര്‍ ഇടവിട്ടും ഫോണ്‍ സംവിധാനങ്ങളുണ്ട്. പ്രഥമശുശ്രൂഷാ സൗകര്യവും അത്യാവശ്യ മരുന്നുകളും ഇതോടൊപ്പമുണ്ടാവും. വാഹനാപകടമുണ്ടാവുകയോ യാത്രികര്‍ക്ക് ശ്വാസതടസ്സം അനുഭവപ്പെടുകയോ മറ്റെന്തെങ്കിലും അസ്വസ്ഥതകള്‍ അനുഭവപ്പെടുകയോ ചെയ്താല്‍ കണ്‍ട്രോള്‍ റൂമില്‍ വിവരമറിയിക്കാം. ആംബുലന്‍സ്, ക്രയിന്‍ സൗകര്യങ്ങള്‍ സുരക്ഷാ പാതയിലൂടെ സംഭവസ്ഥലത്ത് നിമിഷങ്ങള്‍ക്കകം എത്തിച്ചേരും.

യാത്രക്കാര്‍ക്ക് തങ്ങളുടെ മൊബൈല്‍ ഫോണുകള്‍ തുരങ്കത്തിനുള്ളിലും ഉപയോഗിക്കാന്‍ സാധിക്കും. ഇതിനുള്ള സംവിധാനങ്ങള്‍ തുരങ്കത്തിനുള്ളില്‍ ഒരുക്കിയിട്ടുണ്ട്. രണ്ട് തുരങ്കങ്ങളും നൂറുശതമാനം വാട്ടര്‍പ്രൂഫ് ആണ്. തുരങ്കത്തിനു മുകളില്‍നിന്നോ ഭിത്തികളില്‍നിന്നോ ഒരുവിധത്തിലും ജലപ്രവാഹം ഉണ്ടാവില്ലെന്ന് ഉറപ്പുവരുത്തിയാണ് നിര്‍മാണം പൂര്‍ത്തീകരിച്ചിരിക്കുന്നത്.

ലോകത്തെമ്പാടും പുതിയ തുരങ്കങ്ങളുടെ നിര്‍മാണത്തിന് ഉപയോഗിച്ചുവരുന്ന ന്യൂ ആസ്‌ത്രേലിയന്‍ ടണലിങ് മെത്തേഡ് (എന്‍എടിഎം) എന്ന സാങ്കേതികവിദ്യയാണ് നിര്‍മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. കാര്‍ യാത്രികര്‍ക്ക് ഇരുവശത്തേയ്ക്കുമുള്ള യാത്രയ്ക്ക് 55 രൂപ, മിനി ബസിന് 90 രൂപ, ബസ്ട്രക്ക് തുടങ്ങിയവയ്ക്ക് 190 രൂപ എന്നിങ്ങനെയാണ് നിരക്ക്.

അഞ്ച് മീറ്ററില്‍ താഴെ ഉയരമുള്ള വാഹനങ്ങള്‍ക്കു മാത്രമേ പാതയില്‍ പ്രവേശനമുള്ളൂ.

Top