ചെങ്ങന്നൂര്‍: കേരളം ഉറ്റുനോക്കിയ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തെ മലര്‍ത്തിയടിച്ച് ഇടതുപക്ഷത്തിന് തിളക്കമാര്‍ന്ന വിജയം. വോട്ടെടുപ്പ് ദിവസം കെവിന്‍ കൊലപാതകവുമായി ബന്ധപ്പെട്ട് ഇടതുപക്ഷത്തെയും സര്‍ക്കാറിനെയും കടന്നാക്രമിച്ച യു.ഡി.എഫിനും ബി.ജെ.പിക്കും ഏറ്റ വലിയ തിരിച്ചടിയാണ് സജി ചെറിയാന്റെ ഈ വിജയം.
സിറ്റിംങ് സീറ്റ് നിലനിര്‍ത്തുക എന്നത് ഇടതുപക്ഷത്തെയും സി.പി.എമ്മിനെയും സംബന്ധിച്ച് വലിയ വെല്ലുവിളിയായിരുന്നു. ശക്തമായ ത്രികോണ മത്സരത്തില്‍ വോട്ടെടുപ്പ് ദിവസം കെവിന്‍ കൊലപാതകത്തിന്റെ പഴി ഡി.വൈ.എഫ്.ഐക്കും സര്‍ക്കാറിനും നേരെ തിരിച്ചുവിടാന്‍ നടത്തിയ നീക്കമാണ് ആശങ്കക്ക് കാരണമായത്.
വോട്ടര്‍മാര്‍ പോളിങ് ബൂത്തിലേക്ക് എത്തുന്നതിനു മുന്‍പ് പരമാവധി നേട്ടമുണ്ടാക്കാനായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുന്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനു മുന്നില്‍ കുത്തിയിരിപ്പു നടത്തി. ചാനലുകള്‍ അന്ന് മുഴുവന്‍ ലൈവായി ഈ സംഘര്‍ഷ അന്തരീക്ഷം പകര്‍ത്തി തുടര്‍ച്ചയായി വാര്‍ത്തകള്‍ നല്‍കി കൊണ്ടിരുന്നു.
സോഷ്യല്‍ മീഡിയകളിലും ഇടതുപക്ഷത്തിനും സര്‍ക്കാറിനും എതിരായ പ്രതിഷേധങ്ങള്‍ കൊണ്ട് പുതിയ പോര്‍മുഖം തന്നെ പ്രതിപക്ഷം തുറന്നു. പ്രതികളെ സഹായിച്ച ഡി.വൈ.എഫ്.ഐക്കാരനെ സംഘടന പുറത്താക്കിയിട്ടും ആ വാര്‍ത്ത മറച്ച് വെച്ച് സംഘടനാ പതാക പിടിച്ച് ഇയാള്‍ നടക്കുന്ന ഫോട്ടോകളാണ് മിക്ക ചാനലുകളിലും സോഷ്യല്‍ മീഡിയകളിലും നിറഞ്ഞത്. ഈ കടന്നാക്രമണത്തിനെതിരെ എന്തു ചെയ്യണമെന്നറിയാതെ ഇടതുപക്ഷ കേന്ദ്രങ്ങള്‍ പോലും പകച്ചു നിന്നു.
ദാരുണമായ ഒരു കൊലപാതകത്തെ എങ്ങനെ രാഷ്ട്രീയമായി ഉപയോഗപ്പെടുത്താമെന്നതിന്റെ നേര്‍കാഴ്ചയായിരുന്നു അത്. രാഷ്ട്രീയമായി ഏറെ വെല്ലുവിളി ഉയര്‍ത്തിയ ഈ പ്രതികൂല സാഹചര്യത്തില്‍ പോലും ചെങ്ങന്നൂരില്‍ വലിയ മുന്നേറ്റമുണ്ടാക്കാനും മണ്ഡലം നിലനിര്‍ത്താനും കഴിയുന്നത് ഭരണപക്ഷത്തെ സംബന്ധിച്ച് വലിയ ആത്മവിശ്വാസമാണ് നല്‍കുന്നത്. പിണറായി സര്‍ക്കാറിനെ സംബന്ധിച്ച് കൂടുതല്‍ ശക്തമായി മുന്നാട്ട് പോകാനുള്ള കേരള ജനതയുടെ ഗ്രീന്‍ സിഗ്‌നലായി ചെങ്ങന്നൂര്‍ വിധിയെഴുത്ത് മാറും.
മൂന്ന് മുന്നണികളും ശക്തമായ പ്രചരണമാണ് ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ നടത്തിയത്. ജാതി മത സമവാക്യങ്ങള്‍ മാറ്റി മറിച്ച് തകര്‍പ്പന്‍ പ്രകടനം കാഴ്ചവയ്ക്കാന്‍ ചെങ്കൊടിക്ക് കഴിഞ്ഞു. തുടക്കം മുതല്‍ ലീഡ് നിലനിര്‍ത്തി കൊണ്ടിരുന്ന സജി ചെറിയാന്‍ പ്രതിപക്ഷത്തിന്റെ സകല പ്രതീക്ഷകളും തകര്‍ത്തിരിക്കുകയാണ്. മാധ്യമ വാര്‍ത്തകളും ഒറ്റപ്പെട്ട സംഭവങ്ങള്‍ മുന്‍നിര്‍ത്തിയുള്ള പ്രചരണങ്ങളും രാഷ്ട്രീയ കേരളത്തില്‍ വിലപ്പോവില്ലന്ന വ്യക്തമായ സന്ദേശം നല്‍കുന്നുണ്ട് ഇപ്പോള്‍ ചെങ്ങന്നൂര്‍.
20,956 വോട്ടിനാണ് സജിചെറിയാന്‍ വിജയിച്ചത്. യു.ഡി.എഫ് ശക്തികേന്ദ്രങ്ങളും ചെമ്പടയുടെ തേരോട്ടത്തില്‍ കടപുഴകി.
വോട്ട് നില
സജി ചെറിയാന്‍ : 67,303
(എല്‍.ഡി.എഫ്)
ഡി.വിജയകുമാര്‍ : 46,347
(യു.ഡി.എഫ്)
പി.എസ്.ശ്രീധരന്‍ പിള്ള : 35,270
( ബി.ജെ.പി)