ചെങ്ങന്നൂര്‍ കൊലപാതകം; ബംഗാള്‍ സ്വദേശികളില്‍ നിന്ന് 45 പവനും രൂപയും കണ്ടെടുത്തു

ചെങ്ങന്നൂര്‍: ചെങ്ങന്നൂരില്‍ വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തിയ സംഭവം മോഷണശ്രമമെന്ന് തെളിഞ്ഞു. പ്രതികളില്‍ നിന്ന് 45 പവന്‍ സ്വര്‍ണ്ണവും പതിനേഴായിരം രൂപയും കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. കൊലപാതകത്തിന് ശേഷം ഇവര്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വിശാഖപട്ടണത്ത് നിന്നും പൊലീസ് പിടികൂടുകയായിരുന്നു. പ്രതികളായ ലബാലു, ജുവല്‍ എന്നിവര്‍ ബംഗ്ലാദേശ് പൗരന്‍മാരാണ്. കേരള പൊലീസ് കൈമാറിയ ലുക്ക് ഔട്ട് നോട്ടീസ് അനുസരിച്ച് ആര്‍.പി.എഫും റെയില്‍വേ പൊലീസും ചേര്‍ന്നാണ് ഇവരെ പിടികൂടിയത്.

പാറച്ചന്ത ആഞ്ഞിലിമൂട്ടില്‍ ചെറിയാന്‍ എന്ന കുഞ്ഞുമോന്‍, ഭാര്യ ലില്ലി എന്നിവരെ ചൊവ്വാഴ്ചയായിരുന്നു വീടിനകത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച ഇരുവരും കുടുംബസുഹൃത്തുകള്‍ക്കൊപ്പം ടൂറിന് പോകാന്‍ ഇരുന്നതായിരുന്നു. എന്നാല്‍ തിങ്കളാഴ്ച വൈകിട്ട് മുതല്‍ ഇരുവരേയും സുഹൃത്തുകള്‍ ഫോണില്‍ ബന്ധപ്പെട്ടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് സുഹൃത്തുക്കള്‍ ഇവരെ തേടി വീട്ടിലെത്തിയപ്പോഴാണ്
അടുക്കളയില്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്ന നിലയില്‍ ലില്ലിയെ കണ്ടത്.

വിവരമറിഞ്ഞതിനെ തുടര്‍ന്ന് സ്ഥലത്ത് എത്തിയ ചെങ്ങന്നൂര്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് വീടിന് പിന്നിലെ സ്റ്റോര്‍ റൂമില്‍ കമിഴ്ന്നു കിടക്കുന്ന നിലയില്‍ ചെറിയാന്റെ മൃതദേഹം കണ്ടെത്തിയത്. ഇവരുടെ വീടിന് സമീപം താമസിക്കുന്ന ബംഗാള്‍ സ്വദേശികളായ രണ്ട് പേരെ ഇന്നലെ തന്നെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഇവരുടെ സുഹൃത്തുക്കളായ ലബാലു, ജുവല്‍ എന്നീ ബംഗ്ലാദേശ് സ്വദേശികളെപ്പറ്റി വിവരം ലഭിച്ചത്.

Top