ചെങ്ങന്നൂർ ; മുന്നണികൾക്ക് ബി.ജെ.പിയെ പേടി, അട്ടിമറി സാധ്യത മണ്ഡലത്തിൽ ശക്തം

ആലപ്പുഴ: അടുത്ത് തന്നെ നടക്കാനിരിക്കുന്ന ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് സംസ്ഥാനത്ത് ഇടതുപക്ഷത്തിനും യു.ഡി.എഫിനും വലിയ വെല്ലുവിളിയാകും.

ഇരു വിഭാഗവും ഇവിടെ ഭയക്കുന്നത് ബി.ജെ.പിയെയാണ്. കഴിഞ്ഞ തവണ ഇടതു സ്ഥാനാര്‍ത്ഥി സി.പി.എമ്മിലെ കെ.കെ രാമചന്ദ്രന്‍ നായര്‍ 52,880 വോട്ടിന് വിജയിച്ച സീറ്റില്‍ 42,682 വോട്ടുകളാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥി പി.എസ് ശ്രീധരന്‍പിള്ള നേടിയത്.

യു.ഡി.എഫിലെ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥി പി.സി.വിഷ്ണുനാഥ് 44,897 വോട്ടു നേടിയപ്പോഴാണ് തൊട്ടടുത്ത് മുന്നണികളെ ഞെട്ടിച്ച് ബി.ജെ.പി തകര്‍പ്പന്‍ മുന്നേറ്റം നടത്തിയിരുന്നത്.

മൂന്ന് പാര്‍ട്ടികള്‍ക്കും ശക്തമായ അടിത്തറയുള്ള ചെങ്ങന്നൂരില്‍ ഇത്തവണ തീ പാറുന്ന പോരാട്ടമാണ് നടക്കുക എന്ന കാര്യം ഉറപ്പായി കഴിഞ്ഞു.

ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനം അധികം താമസിയാതെ തന്നെ ഉണ്ടാകുമെന്നതിനാല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇതിനകം തന്നെ ചെങ്ങന്നൂര്‍ മണ്ഡലത്തിലെ പാര്‍ട്ടി കമ്മറ്റികള്‍ വിളിച്ച് ചേര്‍ത്ത് തുടങ്ങിയിട്ടുണ്ട്.

പിണറായി സര്‍ക്കാറിനെ സംബന്ധിച്ച് സിറ്റിംങ് സീറ്റ് നഷ്ടപ്പെട്ടാല്‍ ഭരണത്തിനെതിരായ വിധിയെഴുത്തായി ചിത്രീകരിക്കപ്പെടും എന്നതിനാല്‍ സംസ്ഥാന ഭരണ സംവിധാനങ്ങളും പാര്‍ട്ടി സംവിധാനങ്ങളും ചെങ്ങന്നൂര്‍ കേന്ദ്രീകരിക്കുമെന്ന കാര്യം ഉറപ്പാണ്.

സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളും മുഖ്യമന്ത്രി പിണറായി വിജയന്‍, വി.എസ് അച്യുതാനന്ദന്‍ അടക്കമുള്ള നേതാക്കളും മണ്ഡലത്തില്‍ പ്രചരണത്തിന് നേതൃത്വം കൊടുക്കും.

കോണ്‍ഗ്രസ്സിനെ സംബന്ധിച്ച് കഴിഞ്ഞ തവണ കൈവിട്ട ചെങ്ങന്നൂര്‍ ഏത് വിധേയനേയും തിരിച്ച് പിടിക്കുക എന്നത് നിലനില്‍പ്പിന്റെ പ്രശ്‌നമാണ്.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് നടക്കുന്ന ഈ തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടാല്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കും, കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസ്സനും സ്ഥാനം തെറിക്കാനും സാധ്യത കൂടുതലാണ്.

പിണറായി സര്‍ക്കാറിനെതിരെ ജനവികാരമുണ്ടെന്നും ഉപതിരഞ്ഞെടുപ്പ് നടന്നാല്‍ അത് വ്യക്തമാകുമെന്നാണ് കെ.പി.സി.സി നേതൃത്വം ഹൈക്കമാന്റിനെ അറിയിച്ചിട്ടുള്ളത്.

ബി.ജെ.പിയാകട്ടെ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ശ്രീധരന്‍ പിള്ള കഴിഞ്ഞ തവണ നേടിയ വോട്ട് തന്നെയാണ് അവരുടെ ആത്മവിശ്വാസത്തിന് പ്രധാന കാരണം.

സംഘപരിവാറിന്റെ മുഴുവന്‍ സംഘടനാ സംവിധാനവും ചെങ്ങന്നൂരില്‍ ഉപയോഗിക്കാനാണ് തീരുമാനം.

കേന്ദ്ര മന്ത്രിയായ അല്‍ഫോന്‍സ് കണ്ണന്താനം വഴി ക്രൈസ്തവ വോട്ടുകള്‍ തേടാനും, എന്‍.എസ്.എസ് വോട്ടുകള്‍ ഉറപ്പിച്ച് നിര്‍ത്തുന്നതിനുമാണ് ബി.ജെ.പി പ്രധാന പരിഗണന കൊടുക്കുന്നത്.

കഴിഞ്ഞ തവണ യു.ഡി.എഫില്‍ ഉണ്ടായിരുന്ന കെ.എം.മാണിയുടെ കേരള കോണ്‍ഗ്രസ്സ് ഇത്തവണ എന്‍.എസ്.എസിനെ പോലെ സമദൂരം പാലിക്കുമെന്നാണ് ബി.ജെ.പി നേതൃത്വം കണക്കുകൂട്ടുന്നത്.

പിണറായി സര്‍ക്കാറിനെ പിണക്കാന്‍ മാണി തയ്യാറാകാത്ത സാഹചര്യത്തില്‍ യു.ഡി.എഫിന് ഇത്തവണ വലിയ തിരിച്ചടി നേരിട്ട് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുമെന്നാണ് പാര്‍ട്ടി നേതൃത്വം കരുതുന്നത്.

കേരള കോണ്‍ഗ്രസ്സിന്റെ ഒരു വിഭാഗം വോട്ട് തട്ടിയെടുക്കാനും ബി.ജെ.പിക്ക് പദ്ധതിയുണ്ട്. ആവശ്യമെങ്കില്‍ ഇതിനായി കേന്ദ്ര തലത്തിലെ ഇടപെടലിനും സാധ്യതയുണ്ടെന്നാണ് സൂചന.

യു.ഡി.എഫിലെ പ്രതിസന്ധിയും സര്‍ക്കാറിനെതിരായ ജനവികാരവും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരിയുടെ മകനെതിരായ സാമ്പത്തിക തട്ടിപ്പ് ആരോപണവുമെല്ലാം ബി.ജെ.പിയുടെ അട്ടിമറി വിജയ സാധ്യത വര്‍ദ്ധിപ്പിക്കുന്നതാണെന്ന് നേതൃത്വം ചുണ്ടിക്കാട്ടുന്നു.

ചെങ്ങന്നൂര്‍ വിധി കേരള രാഷ്ട്രീയത്തെ സംബന്ധിച്ച് വഴിതിരിവാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നത്.

ഇതാദ്യമായി കേരളത്തില്‍ ഒരു ഉപതിരഞ്ഞെടുപ്പില്‍ മണ്ഡലം പിടിച്ചെടുക്കാന്‍ ശേഷിയുണ്ടെന്ന് വ്യക്തമാക്കി ആത്മവിശ്വാസത്തോടെ പ്രവര്‍ത്തിക്കാന്‍ ബി.ജെ.പിക്ക് കഴിയും.

മൂന്നാം സ്ഥാനത്തിന് വേണ്ടിയല്ല മത്സരമെന്ന് കണക്കുകള്‍ നിരത്തി കാണിക്കാന്‍ പറ്റുമെന്നതിനാല്‍ ബി.ജെ.പി ഒരിക്കലും ജയിക്കില്ലന്ന് വിശ്വസിച്ച് ഇതുവരെ വോട്ട് ചെയ്യാത്ത നിഷ്പക്ഷ വോട്ടുകളെ പോലും അത് സ്വാധീനിക്കാന്‍ ഇടവരുത്തുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം.

അതേസമയം ചെങ്ങന്നൂരില്‍ ബി.ജെ.പിയുമായുള്ള അകലം വളരെ ചെറുതായതിനാല്‍ മുന്‍ കരുതല്‍ നടപടിയുമായി കോണ്‍ഗ്രസ്സ് രംഗത്തിറങ്ങി കഴിഞ്ഞു. കഴിഞ്ഞ തവണ റിബലായി മത്സരിച്ച ശോഭനാ ജോര്‍ജ്ജിനെ അനുനയിപ്പിക്കാനാണ് തിരക്കിട്ട ശ്രമം. കഴിഞ്ഞ തവണ സ്വതന്ത്രയായി മത്സരിച്ച ഈ മുന്‍ കോണ്‍ഗ്രസ്സ് എംഎല്‍എ 3,966 വോട്ട് നേടിയിരുന്നു.

പി.സി.വിഷ്ണുനാഥ് തന്നെയായിരിക്കും യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയെന്നാണ് കോണ്‍ഗ്രസ്സ് (എ) വിഭാഗം നേതാക്കളില്‍ നിന്നും ലഭിക്കുന്ന സൂചന.

സി.പി.എമ്മിലാവട്ടെ നടി മഞ്ജുവാര്യരുടെ അടക്കം പേരുകള്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി പറഞ്ഞു കേള്‍ക്കുന്നുണ്ടെങ്കിലും സിനിമയല്ല രാഷ്ട്രീയമെന്നതിനാല്‍ അപകടമാകും അത്തരമൊരു നീക്കമെന്ന അഭിപ്രായം മുതിര്‍ന്ന നേതാക്കള്‍ക്കിടയില്‍ തന്നെയുണ്ട്.

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ യുവത്വത്തിന് പ്രാധാന്യം കൊടുക്കണമെന്ന ആവശ്യവും സി.പി.എം ജില്ലാ നേതൃത്വം പരിഗണിക്കുന്നുണ്ട്. അന്തിമ തീരുമാനം സംസ്ഥാന സെക്രട്ടറിയേറ്റിന്റെയാകും.

ബി.ജെ.പിയില്‍ കഴിഞ്ഞ തവണ മത്സരിച്ച ശ്രീധരന്‍പിള്ള, കുമ്മനം രാജശേഖരന്‍, എം.ടി രമേശ് തുടങ്ങിയവരുടെ പേരുകള്‍ സജീവമാണെങ്കിലും അപ്രതീക്ഷിത സ്ഥാനാര്‍ത്ഥി വരാനുള്ള സാധ്യതയും കൂടുതലാണ്.

ചെങ്ങന്നൂരില്‍ അട്ടിമറി വിജയം നേടിയാല്‍ പ്രധാന പ്രതിപക്ഷമായി ബി.ജെ.പി ചിത്രീകരിക്കപ്പെടുമെന്നും സംസ്ഥാനത്തെ രാഷ്ട്രീയ ചരിത്രം തന്നെ മാറ്റിമറിക്കാന്‍ അത് കാരണമാകുമെന്നും യു.ഡി.എഫും ഇടതുപക്ഷവും ഏറെ ഭയപ്പെടുന്നുണ്ട്.

Top