ചെങ്ങന്നൂരിലെയും യഥാർത്ഥ ക്രൗഡ്പുളളർ രാഹുൽ മുൻപ് പരിഹസിച്ച അതേ വി.എസ് !

achutanandan

ചെങ്ങന്നൂര്‍ ‘വഴി’ കോണ്‍ഗ്രസ്സ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് കൂടി ഒരു പ്രഹരം നല്‍കിയതില്‍ വി.എസിനും ഇനി ആശ്വസിക്കാം. വീണ്ടും ഒരു മധുരമായ പ്രതികാരം.

ദേശീയ മാധ്യമങ്ങള്‍ ലോക്‌സഭയില്‍ കോണ്‍ഗ്രസ്സിന്റെ മാനംകാത്ത അംഗസംഖ്യ സംഭാവന ചെയ്ത കേരളത്തിലെ തകര്‍ച്ച ആഘോഷിച്ചപ്പോള്‍ അവിടെയും കയറി വന്ന ഒരു പേരാണ് വി.എസ് അച്ചുതാനന്ദന്‍. പിണറായി സര്‍ക്കാറിന്റെ ഭരണ നേട്ടമായി വിലയിരുത്തിയ വാര്‍ത്തകളില്‍ ചെങ്ങന്നൂരില്‍ ഏറ്റവും അധികം ജനങ്ങളെ ആകര്‍ഷിച്ച ക്രൗഡ് പുളളര്‍ 95 ലേക്ക് കടക്കുന്ന വി.എസ് തന്നെയായിരുന്നു.

2011 ഏപ്രില്‍ പത്തിന് 93 വയസ്സുള്ള ആളായിരിക്കും കേരളത്തിന്റെ മുഖ്യമന്ത്രിയെന്ന് പറഞ്ഞ് വി.എസിനെ പരിഹസിച്ച രാഹുല്‍ ഗാന്ധി ഇപ്പോഴും കേരളത്തിലെ ജനങ്ങളെ ഇളക്കിമറിക്കുന്ന വി.എസിനെ ഓര്‍ത്ത് പറഞ്ഞ അബദ്ധം തിരിച്ചറിഞ്ഞിട്ടുണ്ടാകുമെന്നാണ് ഒരു പ്രമുഖ ദേശീയ മാധ്യമം രാഷ്ട്രീയ വിശകലനത്തില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രാഹുലിന്റെ ഈ പ്രസ്താവനയ്ക്ക് വി.എസ് നല്‍കിയ മറുപടി ദേശീയ തലത്തില്‍തന്നെ ശ്രദ്ധേയമായിരുന്നു. അമൂല്‍ ബേബി എന്നാണ് വി.എസ് രാഹുലിനെ വിശേഷിപ്പിച്ചിരുന്നത്. തല നരയ്ക്കുന്നതല്ല വാര്‍ദ്ധക്യമെന്നും, ദുഷ്ടപ്രഭുത്വത്തിന് മുന്നില്‍ തല കുനിക്കാത്തതാണ് തന്റെ യൗവനമെന്നുമായിരുന്നു മാസ് ഡയലോഗ്.
1

കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പാര്‍ലമെന്റില്‍ നാണം കെടാതെ കോണ്‍ഗ്രസ്സ് ദേശീയ നേതൃത്വത്തെ കാത്തതില്‍ പ്രധാന പങ്കുവഹിച്ച കേരളത്തില്‍ നിന്നും ഇപ്പോള്‍ വീണ്ടുമൊരു ലോക് സഭ തെരെഞ്ഞെടുപ്പിന് മുന്‍പു കിട്ടിയ ‘അടി’ ഹൈക്കമാന്റിനെ സംബന്ധിച്ച് ഇരുത്തി ചിന്തിപ്പിക്കുന്നതാണ്. കേരളത്തില്‍ പൊതു സമൂഹത്തെ രാഷ്ട്രീയത്തിന് അതീതമായി സ്വാധീനിക്കാന്‍ ശേഷിയുള്ള ഒരു നേതാവും ഇപ്പോള്‍ മുന്‍ നിരയില്‍ ഇല്ലെന്നതും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

സോളാര്‍ ആരോപണങ്ങള്‍ ഉമ്മന്‍ ചാണ്ടിയുടെ സ്വാധീനത്തില്‍ വലിയ തിരിച്ചടിയായെന്നും എ.കെ.ആന്റണിയെയും രമേശ് ചെന്നിത്തലയെയും സ്വന്തം പാര്‍ട്ടിക്കാര്‍ക്ക് പോലും മടുത്ത് കഴിഞ്ഞതായും മാധ്യമം പരിഹസിക്കുന്നു. വി.എം സുധീരന്‍ ഉള്‍പ്പെടെ പ്രതിച്ഛായ ഉള്ള ചിലര്‍ ഉണ്ടെങ്കിലും നേതൃരംഗത്ത് നിന്നും തഴയപ്പെടുന്നതിനാല്‍ കോണ്‍ഗ്രസ്സിനെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ് കാത്തിരിക്കുന്നതെന്നാണ് മുന്നറിയിപ്പ്.

സി.പി.എമ്മിനെ സംബന്ധിച്ച് സംഘടനാപരമായ കരുത്ത് ശക്തമായി ഉള്ളതോടൊപ്പം വി.എസിന്റെ സാന്നിധ്യവും സജീവമായുള്ളത് പൊതുസമൂഹത്തെ സ്വാധീനിക്കുന്ന ഘടകമാണ്. തന്ത്രശാലിയായ മുഖ്യമന്ത്രി പിണറായി വിജയന്റെ ‘ഇടപെടല്‍’ ചെങ്ങന്നൂരില്‍ ജാതിമത സമവാക്യങ്ങള്‍ക്ക് മീതെ വിജയം നേടാന്‍ ഏറെ സഹായകരമായതായും ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

ഈ വരുന്ന ഒക്ടോബര്‍ 20നാണ് വി.എസ് അച്ചുതാനന്ദന് 95 വയസ്സ് തികയുന്നത്. ഈ പ്രായത്തിലും പതിനായിരങ്ങളെ ആവേശഭരിതമാക്കുന്ന പ്രസംഗം നടത്തി ലൈവായി നില്‍ക്കുന്ന മറ്റൊരു രാഷ്ട്രീയ നേതാവും ഇന്ന് ലോകത്തിലില്ല എന്നു തന്നെ പറയാം. ഏറ്റവും ഒടുവിലായി ഇപ്പോള്‍ തെരെഞ്ഞെടുപ്പ് നടന്ന ചെങ്ങന്നൂരിലും ഏറ്റവും അധികം ആളുകളെ അഭിസംബോധന ചെയ്ത് സംസാരിച്ച നേതാവും വി.എസ് ആണ്. ഇടതുപക്ഷത്തിന്റെ ഈ ക്രൗഡ് പുള്ളറെ കവച്ചു വയ്ക്കാന്‍ താരപ്പകിട്ടുമായി മണ്ഡലത്തില്‍ നിറഞ്ഞു നിന്ന സുരേഷ് ഗോപിക്ക് പോലും സാധിച്ചിട്ടില്ല എന്നതാണ് സത്യം.
2

ചെങ്ങന്നൂരിലെ ഇടതുപക്ഷത്തിന്റെ വിജയത്തിന് 95ാം വയസിലേക്ക് കടക്കുന്ന വി.എസ് തന്നാലായത് ചെയ്തു എന്നത് വ്യക്തം. ശാരീരിക പ്രയാസങ്ങള്‍ വി.എസിന്റെ ശബ്ദത്തില്‍ പ്രകടമായിരുന്നില്ല. എന്നാല്‍ സാധാരണ എതിരാളികള്‍ക്ക് നേരെ സന്ദര്‍ഭത്തിനൊത്ത് ആഞ്ഞടിക്കുന്ന വി.എസ് ഇത്തവണ എഴുതി തയ്യാറാക്കിയ പ്രസംഗമാണ് പൊതുസമ്മേളനങ്ങളില്‍ വായിച്ചത്. വി.എസിന്റെ പ്രസംഗം കേള്‍ക്കുക എന്നതിലുപരി അദ്ദേഹത്തെ നേരിട്ട് കാണുക എന്ന ഉദ്ദേശം വച്ചാണ് ജനങ്ങള്‍ ഓരോ സ്വീകരണ കേന്ദ്രങ്ങളിലേക്കും ഒഴുകിയത്. അതില്‍ കുട്ടികള്‍ മുതല്‍ വൃദ്ധന്‍മാരും സ്ത്രീകളും ഒക്കെ ഉണ്ടായിരുന്നു. രാഷ്ട്രീയ എതിരാളികളും ഇതില്‍പ്പെടും.

രാഷ്ട്രീയക്കാരായാലും ഉദ്യോഗസ്ഥരായാലും സാധാരണക്കാരനായാലും വിശ്രമജീവിതം നയിക്കുന്ന പ്രായത്തിലാണ് വി.എസ് ഇപ്പോഴും തെരഞ്ഞെടുപ്പു വേദികളില്‍ സിംഹഗര്‍ജ്ജനമാകുന്നത്. കേഡര്‍ പാര്‍ട്ടിയായ സി.പി.എം നിരവധി തവണ ഈ മുതിര്‍ന്ന കമ്യൂണിസ്റ്റിനെതിരെ അച്ചടക്കനടപടി എടുത്തിട്ടുണ്ടെങ്കിലും നടപടി ഉള്‍ക്കൊണ്ട് ചെങ്കൊടിക്ക് കീഴില്‍ നില്‍ക്കാന്‍ തന്നെയാണ് വി.എസ് എന്നും താല്‍പ്പര്യപ്പെട്ടിരുന്നത്.

രാഷ്ട്രീയപാര്‍ട്ടികള്‍ അച്ചടക്ക നടപടി സ്വീകരിക്കുമ്പോള്‍ പാര്‍ട്ടി വിട്ടു പോകുന്ന നേതാക്കളും പ്രവര്‍ത്തകരും ധാരാളമുള്ള കേരളത്തിലാണ് വി.എസ് എന്ന കമ്യൂണിസ്റ്റ് വ്യത്യസ്തനാകുന്നത്. താന്‍ കൂടി ചേര്‍ന്ന് രൂപം കൊടുത്ത പാര്‍ട്ടിയില്ലാതെ തനിക്ക് എന്തു ജീവിതമെന്നാണ് അച്ചടക്ക നടപടിയെ കുറിച്ചുള്ള ചോദ്യത്തിന് വി.എസ് മുന്‍പ് മറുപടി നല്‍കിയിരുന്നത്.

‘ഈ ജന്മം കമ്യൂണിസ്റ്റായി ജീവിച്ചു ഇനി മരിക്കുന്നതും കമ്യൂണിസ്റ്റുകാരനായി തന്നെയായിരിക്കും’ ഇതാണ് വി.എസിന്റെ ഉറച്ച നിലപാട്. വി.എസ്. അച്യുതാനന്ദന്റെ ആത്മകഥയായ സമരംതന്നെ ജീവിതത്തിന്റെ പ്രകാശനം കൊച്ചിയില്‍ നടന്നപ്പോള്‍ പുസ്തകം പ്രകാശനം ചെയ്യാനെത്തിയ ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ വിഎസിനോടു ചോദിച്ചു ‘ജീവിതം തന്നെ സമരമെങ്കില്‍ മുഖ്യമന്ത്രിയായാല്‍ എങ്ങനെ സമരം ചെയ്യും’. ഈ ചോദ്യത്തിന് മുഖ്യമന്ത്രിയായ ശേഷവും ഇപ്പോള്‍ ഭരണപരിഷ്‌കാര അധ്യക്ഷ കസേരയില്‍ ഇരിക്കുമ്പോഴും ‘സമരം’ ചെയ്താണ് വിഎസ് മറുപടി നല്‍കുന്നത്.
3

ആലപ്പുഴ നോര്‍ത്ത് പുന്നപ്ര വേലിക്കകത്ത് വീട്ടില്‍ ശങ്കരന്റെയും അക്കമ്മയുടെയും നാലു മക്കളില്‍ നാലാമനായി 1923 ഒക്ടോബര്‍ 20നാണ് ഈ വിപ്ലവകാരിയുടെ ജനനം. വിഎസിനു നാലരവയസുള്ളപ്പോള്‍ അമ്മ മരിച്ചു. പിന്നാലെ അച്ഛനും. പറവൂര്‍, കളര്‍കോട്, പുന്നപ്ര സ്‌കൂളുകളില്‍ ഏഴാം ക്ലാസ് വരെ വിദ്യാഭ്യാസം. കുടുംബം പോറ്റാനായി സ്‌കൂള്‍ ഉപേക്ഷിച്ചു ജ്യേഷ്ഠന്റെ തുണിക്കടയില്‍ സഹായിയായി കൂടി. കയര്‍ ഫാക്ടറി തൊഴിലാളിയായി ജോലി ചെയ്യവെ പി. കൃഷ്ണപിള്ള കുട്ടനാട്ടില്‍ കര്‍ഷകത്തൊഴിലാളികളെ സംഘടിപ്പിക്കാന്‍ നിയോഗിച്ചു. അന്നു തുടങ്ങിയതാണു വിഎസിന്റെ പോരാട്ടങ്ങള്‍.

1952ല്‍ പാര്‍ട്ടി ആലപ്പുഴ ഡിവിഷന്‍ സെക്രട്ടറി. 1956 മുതല്‍ ജില്ലാ സെക്രട്ടറി. 1964ല്‍ പാര്‍ട്ടി പിളര്‍ന്നതോടെ സിപിഎം കേന്ദ്ര കമ്മിറ്റിയംഗം. 1967 ജൂലൈ 18നായിരുന്നു വിവാഹം. ചേര്‍ത്തല കുത്തിയതോടു സ്വദേശി വസുമതിയമ്മയായിരുന്നു വധു. പാര്‍ട്ടി നേതാവ് എന്‍. സുഗതന്റെ നിര്‍ബന്ധപ്രകാരം 43ാം വയസിലായിരുന്നു വിവാഹം.

അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നാഷണല്‍ കൗണ്‍സിലില്‍നിന്നു 1964ല്‍ ഇറങ്ങിവന്ന 32 പേരില്‍ ജീവിച്ചിരിക്കുന്നത് വിഎസ് മാത്രമാണ്. എട്ടു നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ചു. അഞ്ചു പ്രാവശ്യം ജയിച്ചു. രണ്ടു തവണ പ്രതിപക്ഷ നേതാവായി. ഇടതുമുന്നണി കണ്‍വീനറായി മുന്നണിയെ നയിച്ചു. ഇപ്പോള്‍ സിപിഎം കേന്ദ്ര കമ്മറ്റിയിലെ പ്രത്യേക ക്ഷണിതാവാണ്.

Top