ചെങ്ങന്നൂര്‍; അച്ഛനും മകനും കാലുവാരിയാല്‍ കാത്തിരിക്കുന്നത് കേന്ദ്ര സര്‍ക്കാറിന്റെ ‘പണി’

SNDP_BDJS

ആലപ്പുഴ: സംഘപരിവാര്‍ പ്രേരണയില്‍ എസ്.എന്‍.ഡി.പി.യോഗ നേതൃത്വത്തിന്റെ ആശിര്‍വാദത്തോടെ ആരംഭിച്ച ബി.ഡി.ജെ.എസ് ഇപ്പോള്‍ നടത്തുന്ന വിലപേശല്‍ അച്ഛനും മകനും വന്‍ നഷ്ടത്തിന് വഴിവെച്ചേക്കും.ചെങ്ങന്നൂരില്‍ എസ്.എന്‍.ഡി.പി യോഗം ബി.ജെ.പിയെ പിന്തുണക്കില്ലെന്ന നിലപാടിലാണ് വെള്ളാപ്പള്ളി നടേശന്‍. മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയാവട്ടെ ഇടഞ്ഞ് നിന്ന് വിലപേശല്‍ തന്ത്രം പയറ്റുകയാണ്.

പ്രതീക്ഷിച്ച രാജ്യസഭ അംഗത്വം കിട്ടിയില്ലെങ്കിലും കേന്ദ്രത്തിലെ ബോര്‍ഡ് – കോര്‍പ്പറേഷന്‍ സ്ഥാനങ്ങളെങ്കിലും ലഭിക്കണമെന്നതാണ് ആവശ്യം. എന്നാല്‍ കേന്ദ്ര സര്‍ക്കാറും ബി.ജെ.പിയിലെ പ്രബല വിഭാഗവും ഈ വിലപേശലിന് ഇതുവരെ വഴങ്ങിയിട്ടില്ല.

വെള്ളാപ്പള്ളിക്ക് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച സി.ആര്‍.പി.സുരക്ഷയിലിരുന്ന് തന്നെ ബി.ജെ.പിക്കെതിരെ വെള്ളാപ്പള്ളി നടേശന്‍ പ്രസ്താവന നടത്തുന്നതില്‍ സംഘപരിവാര്‍ നേതാക്കള്‍ക്ക് നല്ല ദേഷ്യവുമുണ്ട്.

ഊതി വീര്‍പ്പിച്ച ബലൂണ്‍ മാത്രമാണ് വെള്ളാപ്പള്ളിയെന്നും ഈഴവ വോട്ടിനെ സ്വാധീനിക്കാന്‍ ഇവര്‍ക്ക് കഴിയില്ലെന്നുമുള്ള രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തലുകളെ മുഖവിലക്കെടുത്താണ് ഇപ്പോള്‍ ബി.ജെ.പി കേന്ദ്ര നേതൃത്വവും മുന്നോട്ട് പോകുന്നത്.

ചെങ്ങന്നൂരില്‍ പ്രചരണത്തില്‍ ഇടത്- വലതു മുന്നണികള്‍ക്കൊപ്പം തന്നെയാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥി പി.എസ്.ശ്രീധരന്‍ പിള്ള. ഒരു വോട്ടും വേണ്ടന്ന് പറയാത്ത അദ്ദേഹം മണ്ഡലത്തിലെ ഈഴവ-നായര്‍ വോട്ടുകള്‍ മാത്രമല്ല ക്രൈസ്തവ വോട്ടുകളും ഇത്തവണ കൂടുതലായി നേടാനാകുമെന്ന പ്രതീക്ഷയിലാണ്.

സംഘപരിവാര്‍ പ്രവര്‍ത്തകര്‍ മണ്ഡലത്തില്‍ തമ്പടിച്ചാണ് പ്രചരണം നടത്തുന്നത്. വിജയിച്ചില്ലെങ്കില്‍ പോലും രണ്ടാം സ്ഥാനത്ത് എത്തിയാലും ബി.ജെ.പിയെ സംബന്ധിച്ച് അതു വലിയ നേട്ടമാകും. അതേ സമയം വെള്ളാപ്പള്ളി ‘കുടുംബത്തിന്റെ’ പിന്തുണയില്ലാതെ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞാല്‍ പിന്നെ കേന്ദ്ര ഏജന്‍സികളുടെ പകപോക്കലിന് ഇരയാകേണ്ടി വരുമോ എന്ന ഭീതി എസ്. എന്‍.ഡി.പി യോഗം-ബി.ഡി.ജെ.എസ് നേതാക്കള്‍ക്കിടയിലുണ്ട്.

വെള്ളാപ്പള്ളിക്കെതിരായ കേസുകളുടെ അന്വേഷണം പിണറായിയുടെ നിയന്ത്രണത്തിലായതാണ് വെള്ളാപ്പള്ളി ഇപ്പോള്‍ ഇടതു പ്രേമവുമായി നടക്കാന്‍ കാരണമെന്നാണ് അവര്‍ക്കിടയിലെ സംസാരം. എന്നാല്‍ അച്ഛനും മകനും ബി.ജെ.പി വിരുദ്ധ നിലപാട് തുടര്‍ന്നാല്‍ ‘പണി പാളു’മെന്ന് തന്നെയാണ് ഇവര്‍ കരുതുന്നത്.

അതേസമയം ആദായ നികുതി വകുപ്പ് ,എന്‍ഫോഴ്‌സ്‌മെന്റ് തുടങ്ങി സി.ബി.ഐ വരെ കേന്ദ്ര സര്‍ക്കാറിന്റെ നിയന്ത്രണത്തിലായതിനാല്‍ വെള്ളാപ്പള്ളി വിരുദ്ധരായ എസ്.എന്‍.ഡി.പി യോഗം വിമിത നേതാക്കള്‍ ഇപ്പോഴത്തെ സംഭവ വികാസങ്ങളില്‍ വളരെ ഹാപ്പിയാണ്.

കേരള രാഷ്ട്രീയത്തില്‍ അതി നിര്‍ണ്ണായകമായ ചെങ്ങന്നുര്‍ തിരഞ്ഞെടുപ്പ് ഈ മാസം 28-നാണ് നടക്കുന്നത്. ബി.ജെ.പിക്ക് ശക്തമായ അടിത്തറയുള്ള മണ്ഡലമായതിനാല്‍ ശക്തമായ ത്രികോണ മത്സരമാണ് ഇവിടെ നടക്കുന്നത്.

കഴിഞ്ഞ തിരഞ്ഞെടുപ്പിലെ വോട്ടിങ് നില

സി പി എം : 52,880

കോണ്‍ഗ്രസ്സ് : 44,897

ബി.ജെ.പി: 42,682

ശോഭന ജോര്‍ജ് ( റിബല്‍ ): 3966

Top