തിരുവനന്തപുരം: നേപ്പാളില്‍ മരിച്ച ചേങ്കോട്ടുകോണം സ്വദേശികളുടെ വീടിനു മുന്നില്‍ ജാഗരൂകരായി ആരോഗ്യ വകുപ്പിന്റെ മെഡിക്കല്‍ ടീം. ആംബുലന്‍സ്, ഡോക്ടര്‍മാര്‍, 2 നഴ്‌സുമാര്‍ എന്നിവരെയാണ് സജ്ജരാക്കി ആരോഗ്യവകുപ്പ് പ്രവീണിന്റെ വീടിനുമുമ്പില്‍ നിര്‍ത്തിയിരിക്കുന്നത്. പ്രിയപ്പെട്ടവരെ നഷ്ടമായതിന്റെ വേദന താങ്ങാനാകാതെ ഇടറിപ്പോകുന്ന ബന്ധുക്കളെ താങ്ങുന്നതും ഇവരാണ്.
ആരോഗ്യ മന്ത്രിയുടെ പ്രത്യേക നിര്‍ദേശപ്രകാരമാണു മാനസികാരോഗ്യ വിദഗ്ധര്‍ അടങ്ങിയ സംഘം വീടിനു സമീപത്തായി 24 മണിക്കൂറും കാത്തിരിക്കുന്നത്. ഇടവേളകളില്‍ അടുത്ത ബന്ധുക്കളുടെ രക്തസമ്മര്‍ദം ഉള്‍പ്പെടെ പരിശോധിക്കുന്നു. പ്രവീണിന്റെ അച്ഛന്‍ കൃഷ്ണന്‍കുട്ടി നായര്‍ ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞയാളാണ്. അമ്മ പ്രസന്നകുമാരിയെ പിറ്റേന്നു വിവരമറിയിച്ചത് ആരോഗ്യ വകുപ്പിലെ മാനസികാരോഗ്യ വിദഗ്ധരായിരുന്നു. അവര്‍ക്ക് ഉടന്‍ ചികിത്സ നല്‍കേണ്ടിവന്നു.
സംഭവമറിഞ്ഞ ശേഷം ശരണ്യയുടെ പിതാവ് കെ.ശശിധരക്കുറുപ്പിന്റെ രക്തസമ്മര്‍ദവും കൂടിയിട്ടുണ്ട്. ഇന്ന് അഞ്ച് മൃതശരീരങ്ങള്‍ ഇവരുടെ കണ്‍മുന്നിലേക്ക് എത്തുമ്പോഴുണ്ടാകാവുന്ന മാനസിക വിക്ഷോഭത്തെക്കുറിച്ചോര്‍ത്തു ബന്ധുക്കളും ആശങ്കപ്പെടുന്നു. നോര്‍ത്ത് ട്രാഫിക് അസിസ്റ്റന്റ് കമ്മിഷണര്‍ കെ.കെ.സുരേഷ് കുമാറിന്റെ നേതൃത്വത്തില്‍ വീട്ടിലേക്ക് ആംബുലന്‍സുകള്‍ കൊണ്ടുവരുന്നതിനുള്ള സംവിധാനങ്ങള്‍ വിലയിരുത്തിയിട്ടുണ്ട്.