ഏഴുവയസുകാരന്റെ വായില്‍ 526 പല്ലുകള്‍; ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്ത് ഡോക്ടര്‍മാര്‍

ചെന്നൈ:ഏഴുവയസുകാരന്റെ വായില്‍ നിന്നും ഡോക്ടര്‍മാര്‍ നീക്കം ചെയ്തത് 526 പല്ലുകള്‍. ചെന്നൈ സ്വദേശിയായ രവീന്ദ്രനാഥിനാണ് അസാധരണമായ വിധം വായില്‍ പല്ലുകള്‍ നിറഞ്ഞിരുന്നത്. ചെന്നൈയിലെ സവീത ഡന്റല്‍ കോളേജ് ആശുപത്രിയിലാണ് അഞ്ചുമണിക്കൂര്‍ നീണ്ട അപൂര്‍വ ശസ്ത്രക്രിയ നടന്നത്.

കവിളില്‍ നീരുമായെത്തിയ ഏഴുവയസുകാരനെ ഡോക്ടര്‍മാര്‍ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് പല്ലുകള്‍ നിറഞ്ഞിട്ടാണ് കവിള്‍ വീര്‍ത്തിരിക്കുന്നതെന്ന് കണ്ടെത്തിയത്. പരിശോധനയില്‍ ‘കോംപൗണ്ട് കോംപോസിറ്റ് ഓണ്‍ഡോണ്‍ടോം’ എന്ന അപൂര്‍വ രോഗമാണെന്ന് കണ്ടെത്തി. താടിയെല്ലിനോട് ചേര്‍ന്ന് ഒരു അറ പോലുള്ള ഭാഗത്തായിരുന്നു പല്ലുകള്‍. ഏകദേശം 200 ഗ്രാം ഭാരമുള്ള ഈ അറയ്ക്കുള്ളില്‍ ചെറുതും വലുതുമായി 526 പല്ലുകള്‍ ഉണ്ടായിരുന്നു.

തുടര്‍ന്ന് നടത്തിയ സര്‍ജറിയില്‍ ഏഴുവയസില്‍ ഉണ്ടാവേണ്ട 21 പല്ലുകള്‍ ഒഴികെ മറ്റെല്ലാം നീക്കം ചെയ്തു. അഞ്ച് മണിക്കൂറോളമാണ് ശസ്ത്രക്രിയയ്ക്കായി എടുത്തത്. താടിയെല്ലിനുള്ളിലായിരുന്നു ഭൂരിഭാഗം പല്ലുകളും. താടിയെല്ല് പൊട്ടിച്ച് പല്ലെടുക്കുന്നതിന് പകരം ചെറിയ ദ്വാരം ഉണ്ടാക്കിയാണ് ശസ്ത്രക്രിയ നടത്തിയത്.ശസ്ത്രക്രിയയ്ക്കു ശേഷം കുട്ടി സുഖംപ്രാപിച്ചെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.ഇതാദ്യമായാണ് ഇത്രയധികം പല്ലുകള്‍ ഒരു മനുഷ്യന്റെ വായില്‍ നിന്ന് കണ്ടെത്തുന്നതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

Top