കൊറോണ വാക്‌സിന്‍ എന്ന പേരില്‍ ചികിത്സ; ചെന്നൈയില്‍ വ്യാജഡോക്ടര്‍ അറസ്റ്റില്‍

ചെന്നൈ: കൊറോണ വൈറസിനുള്ള വാക്‌സിന്‍ എന്നപേരില്‍ ചികിത്സ നടത്തിയ വ്യാജഡോക്ടര്‍ അറസ്റ്റില്‍. റാണിപ്പേട്ട് ജില്ലയിലെ അമ്മൂരില്‍ ക്ലിനിക്ക് നടത്തിയിരുന്ന ആര്‍.മാധവന്‍ (33) ആണ് അറസ്റ്റിലായത്.

പ്ലസ്ടു യോഗ്യത മാത്രമുള്ള ഇയാള്‍ നാലു വര്‍ഷമായി ഇവിടെ ക്ലിനിക് നടത്തിവരികയായിരുന്നു. കൊറോണയ്ക്കുള്ള വാക്‌സിന്‍ തന്റെ പക്കലുണ്ടെന്ന് ഇയാള്‍ ക്ലിനിക്കില്‍ എത്തിയവരെ വിശ്വസിപ്പിച്ചിരുന്നു. ഈ വിവരം പരന്നതോടെ നിരവധി പേര്‍ ഇവിടേക്ക് ചികിത്സ തേടിയെത്തി. കൊറോണ രോഗലക്ഷണങ്ങളായ പനി, ജലദോഷം, ചുമ എന്നിവയ്‌ക്കെല്ലാം ഇയാള്‍ മരുന്ന് നല്‍കിയിരുന്നു.

കൊറോണ ചികിത്സ നടക്കുന്നു എന്ന വിവരം ലഭിച്ചതോടെ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിലുള്ള സംഘം ക്ലിനിക്കല്‍ റെയ്ഡ് നടത്തി. പരിശോധനയില്‍ ഇയാളുടെ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്ന് കണ്ടെത്തി. ഇയാള്‍ ക്ലിനിക്കില്‍ ഉപയോഗിച്ചിരുന്ന മരുന്നുകള്‍, സൂചികള്‍, സിറിഞ്ചുകള്‍ തുടങ്ങിയവ അധികൃതര്‍ പിടിച്ചെടുത്തു. റാണിപ്പേട്ട് പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.

Top