ചെന്നൈ: മദ്രാസ് ഐഐടിയില്‍ ആത്മഹത്യ ചെയ്ത ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ നിര്‍ണായക വിവരങ്ങള്‍ അടങ്ങിയ ഫോണ്‍ വീട്ടുകാരുടെ സാന്നിധ്യത്തില്‍ ഫോറന്‍സിക് സംഘം പരിശോധിച്ചു. സൈബര്‍ ലാബിലേക്ക് വിദഗ്ധ പരിശോധനയ്ക്കായി ഫാത്തിമയുടെ ലാപ്‌ടോപ്പും ടാബും കൈമാറുമെന്ന് അന്വേഷണ സംഘം അറിയിച്ചു.
ഫോണ്‍ തുറന്ന് പരിശോധിക്കാന്‍ ഹാജരാകണമെന്ന് ചൂണ്ടികാട്ടി ഫോറന്‍സിക് വകുപ്പിന്റെ ആവശ്യപ്രകാരം കുടുംബത്തിന് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതി സമന്‍സ് അയച്ചിരുന്നു. അതേ തുടര്‍ന്നാണ് കുടുംബം ചെന്നൈയിലെത്തിയത്.
അന്വേഷണത്തില്‍ പ്രതീക്ഷയുണ്ടെന്നും കുറ്റക്കാര്‍ക്ക് എതിരെ ഉടന്‍ നടപടി ഉണ്ടാകുമെന്ന് കരുതുന്നതായും ഫാത്തിമ ലത്തീഫിന്റെ സഹോദരി ഐഷ പ്രതികരിച്ചിരുന്നു. കേസില്‍ ഏറ്റവും നിര്‍ണ്ണായകമായ തെളിവാണ് ഫാത്തിമയുടെ മൊബൈല്‍ ഫോണിലെ ആത്മഹത്യാക്കുറിപ്പ്. സഹപാഠികളെ ഉള്‍പ്പടെ നിരവധി പേരെ ചോദ്യം ചെയ്തെങ്കിലും ആരോപണവിധേയരായ അധ്യാപകര്‍ക്ക് എതിരെ കാര്യമായ തെളിവ് ലഭിച്ചിട്ടില്ലെന്ന നിലപാടിലാണ് പൊലീസ് ഇപ്പോഴും.
നടപടി വൈകുന്നതില്‍ പ്രതിഷേധിച്ചും ഐഐടി അധികൃതരുടെ സമീപനത്തിന് എതിരെയും പ്രതിഷേധം കൂടുതല്‍ ശക്തമാക്കാനാണ് ഐഐടി സ്റ്റുഡന്റ്സ് യൂണിയന്റെ തീരുമാനം.