ചെന്നൈ പ്രളയം; രണ്ട് ഗഡുക്കളായി 900 കോടി രൂപ കേന്ദ്രം അനുവദിച്ചിട്ടുണ്ടെന്ന് നിര്‍മല സീതാരാമന്‍

ഡല്‍ഹി : തമിഴ്നാട്ടിലെ കനത്ത മഴയില്‍ 31 പേര്‍ മരിച്ചതായി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. രണ്ട് ഗഡുക്കളായി 900 കോടി രൂപ കേന്ദ്രം ഇതിനകം അനുവദിച്ചിട്ടുണ്ടെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു. ചെന്നൈയില്‍ കാലാവസ്ഥാ പ്രവചനത്തിന് മൂന്ന് ഡോപ്ലറുകള്‍ ഉള്‍പ്പെടെയുള്ള അത്യാധുനിക ഉപകരണങ്ങളുണ്ട്. തെങ്കാശി, കന്യാകുമാരി, തിരുനെല്‍വേലി, തൂത്തുക്കുടി എന്നീ നാല് ജില്ലകളില്‍ ഡിസംബര്‍ 17 ന് കനത്ത മഴ ഉണ്ടാകുമെന്ന് പ്രവചിച്ചിരുന്നുവെന്നും മന്ത്രി പറഞ്ഞു. കാലാവസ്ഥാ മുന്നറിയിപ്പ് വൈകിയെന്ന ഡിഎംകെ മന്ത്രി മനോ തങ്കരാജിന്റെ വാദം നിര്‍മല സീതാരാമന്‍ തള്ളിക്കളഞ്ഞു.

2015ല്‍ തമിഴ്‌നാട്ടിലുണ്ടായ തീവ്രമായ മഴ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ 4000 കോടി രൂപയുടെ സഹായം ഉപയോഗിക്കണമായിരുന്നുവെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു. ‘ദേശീയ ദുരന്തം’ എന്നൊരു പ്രഖ്യാപനം ഒരിക്കലും ഉണ്ടായിട്ടില്ല. ഉത്തരാഖണ്ഡില്‍ പോലും അത്തരത്തിലുള്ള പ്രഖ്യാപനം നടത്തിയിട്ടില്ല. എന്നാലും ഏത് സംസ്ഥാനത്തിനും ദുരന്തം പ്രഖ്യാപിക്കാന്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുണ്ടെന്നും മന്ത്രി പറഞ്ഞു. തമിഴ്നാട്ടില്‍ ഇത്രയും വലിയ ദുരന്തം നടക്കുമ്പോള്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ഡല്‍ഹിയില്‍ ഇന്ത്യ സഖ്യത്തിനൊപ്പമായിരുന്നുവെന്ന് നിര്‍മല സീതാരാമന്‍ വിമര്‍ശിച്ചു. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളും പ്രളയക്കെടുതിയില്‍ വലയുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ മതിയായ ദുരിതാശ്വാസ ഫണ്ട് അനുവദിച്ചില്ലെന്ന ആരോപണവും എം കെ സ്റ്റാലിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നു.

”ഈ പ്രതിസന്ധി ഘട്ടത്തില്‍, കേന്ദ്ര സര്‍ക്കാര്‍ ഞങ്ങള്‍ക്ക് കൂടുതല്‍ ഫണ്ട് അനുവദിച്ചില്ല. ജനങ്ങളുടെ ക്ഷേമത്തിനായി സംസ്ഥാന സര്‍ക്കാര്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സ്വന്തം ഫണ്ട് ഉപയോഗിക്കുന്നു” എന്നാണ് സ്റ്റാലിന്‍ പറഞ്ഞത്. തൂത്തുക്കുടി, തിരുനെല്‍വേലി ജില്ലകളിലെ കനത്ത മഴയില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായ പ്രദേശങ്ങളിലെ കുടുംബങ്ങള്‍ക്ക് 6000 രൂപയും തെങ്കാശി, കന്യാകുമാരി ജില്ലകളിലെ ദുരിതബാധിതരുടെ കുടുംബത്തിന് 1000 രൂപ വീതവും തമിഴ്‌നാട് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു.

Top