ചെന്നൈ: തമിഴ്നാട്ടിൽ മഴ ശക്തമായി തുടരുന്നു. മഴയെ തുടർന്ന് വെള്ളക്കെട്ടുകൾ ഉണ്ടായതിനാൽ നഗരത്തിൽ ഗതാഗതം നിലച്ചു.
മഴ കനത്തതോടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു.
തഞ്ചാവൂർ ജില്ലയിൽ മതിലിടിഞ്ഞുവീണ് ഒരു മരണം റിപ്പോർട്ട് ചെയ്തു. ചെന്നൈ, തിരുവള്ളൂര്‍, കാഞ്ചീപുരം ജില്ലകളിലാണു സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചത്.
ഇന്നു പ്രവർത്തിക്കുന്ന സ്കൂളുകൾ മൂന്നുമണിക്കു ക്ലാസുകൾ അവസാനിപ്പിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്.
അടുത്ത വെള്ളിയാഴ്ച വരെ ശക്തമായ മഴ തുടരുമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഈ മാസം 28നാണു വടക്കുകിഴക്കൻ മൺസൂൺ തമിഴ്നാട്ടിൽ പെയ്തു തുടങ്ങിയത്.
തമിഴ്നാട് തീരത്തു ശക്തമായ മഴ പെയ്യുമെന്ന അറിയിപ്പിനെ തുടർന്നു മുൻകരുതൽ എടുത്തതായി അധികൃതർ പറഞ്ഞു. ‘മഴയെ നേരിടാൻ ചെന്നൈ തയാറെടുത്തു. വെള്ളക്കെട്ട് രൂപപ്പെടുന്ന മുന്നൂറിലധികം സ്ഥലങ്ങൾ വൃത്തിയാക്കി. വെള്ളം വലിച്ചെടുക്കാനുള്ള 400 പമ്പുകൾ തയാറാക്കിവച്ചിട്ടുണ്ട്’– മുനിസിപ്പൽ കോർപറേഷൻ കമ്മിഷണർ ഡി. കാർത്തികേയൻ അറിയിച്ചു.
റോഡിനോട് ചേർന്നുള്ള വീടുകളിലെല്ലാം വെള്ളത്തിലായി. കിൽപൗക്, കോയമ്പേട് എന്നിവിടങ്ങളിലെ വീടുകളിലാണു കൂടുതലായി വെള്ളം കയറിയത്.
ടി നഗറിന് അടുത്തുള്ള മാമ്പലത്ത് ഗതാഗതക്കുരുക്കിലേക്കു മരം വീണത് കൂടുതൽ പ്രശ്നങ്ങൾ സൃഷ്ട്ടിച്ചു.
2015 ഡിസംബറിൽ ചെന്നൈയിലുണ്ടായ പേമാരിയിലും വെള്ളപ്പൊക്കത്തിലും 150 പേർ മരിച്ചിരുന്നു.
തമിഴ്നാടിനെ മുക്കിയ വെള്ളപ്പൊക്കത്തിൽ നിരവധി നാശനഷ്ടങ്ങൾ ഉണ്ടായി.