ഡല്‍ഹി: സീസണിലെ ആദ്യ ഐപിഎല്‍ പോരാട്ടത്തിനൊരുങ്ങി ഡല്‍ഹി. ഫിറോഷാകോട്ട്ലയില്‍ രാത്രി 7.30ന് ചെന്നൈ സൂപ്പര്‍ കിങ്സും സണ്‍റൈസേഴ്സ് ഹൈദരാബാദും തമ്മിലാണ് ഏറ്റുമുട്ടുന്നത്. സീസണില്‍ നാല് മത്സരങ്ങളില്‍ പരാജയമറിയാതെ മുന്നേറുകയാണ് ചെന്നൈ. ടേബിള്‍ ടോപ്പറായ ആര്‍സിബിക്കെതിരെ നടന്ന അവസാന മത്സരത്തില്‍ 69 റണ്‍സിന്റെ ആധികാരിക ജയം സ്വന്തമാക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് ധോണിയും കൂട്ടരും.
സീസണിന്റെ തുടക്കത്തില്‍ ഡല്‍ഹിക്കെതിരെ പരാജയം ഏറ്റുവാങ്ങിയത് മാറ്റിനിര്‍ത്തിയാല്‍ ചെന്നൈ മികച്ച ഫോമിലാണ്. രവീന്ദ്രജഡേജയുടെ ഓള്‍റൗണ്ട് പെര്‍ഫോമന്‍സിന്റെ കരുത്തിലായിരുന്നു ഡല്‍ഹിയുടെ ജയം. ഫിറോഷാകോട്‌ലയില്‍ രണ്ട് തവണ കൂടി സിക്സ് പറത്തിയാല്‍ ഐപിഎല്ലില്‍ 100 സിക്സുകളെന്ന നേട്ടം ജഡേജക്ക് സ്വന്തമാക്കാം. സീസണില്‍ തകര്‍പ്പന്‍ ഫോം തുടരുന്ന ജഡേജ ഇന്ന് ഈ നേട്ടം കൈവരിക്കാനാകുമെന്ന പ്രതീക്ഷയാണ് ചെന്നൈ ക്യാമ്പിലുള്ളത്. നായകന്‍ മഹേന്ദ്രസിങ് ധോണി ഫോമിലേക്ക് ഉയരാത്തത് മാത്രമാണ് ചെന്നൈയുടെ ബാറ്റിങ് ലൈനപ്പിലെ ആശങ്ക. ക്രീസില്‍ മാച്ച് വിന്നിങ് പെര്‍ഫോമന്‍സ് ധോണിയുടെ ഭാഗത്ത് നിന്നും ഇതേവരെ ഉണ്ടായിട്ടില്ല.
ബൗളിങ് ഡിപ്പാര്‍ട്ടുമെന്റും കരുത്തുറ്റതാണ്. ദീപക് ചാഹറും, സാം കറനും, ലുങ്കി എന്‍ഗിഡിയും ഉള്‍പ്പെടുന്ന ചെന്നൈയുടെ പേസ് ബൗളിങ് നിര മികച്ച ഫോമിലാണ്. സ്പിന്‍ ബൗളിങ്ങിലാണ് ചെന്നൈക്ക് അല്‍പ്പമെങ്കിലും ആശങ്കയുള്ളത്. ശര്‍ദുല്‍ ഠാക്കൂര്‍ അവസരത്തിനൊത്ത് ഉയരാത്തതാണ് തിരിച്ചടി. റണ്ണൊഴുക്ക് തടയുന്ന കാര്യത്തിലും വിക്കറ്റ് വീഴ്ത്തുന്ന കാര്യത്തിലും ശര്‍ദുല്‍ പിന്നിലാണ്.
മറുഭാഗത്ത് ഡേവിഡ് വാര്‍ണറുടെ നേതൃത്വത്തിലുള്ള ഹൈദരാബാദ് പ്രതിരോധത്തിലാണ്. സീസണില്‍ പഞ്ചാബിനെതിരെ മാത്രം ജയിക്കാന്‍ സാധിച്ച ഹൈദരാബാദ് പോയിന്റ് പട്ടികയില്‍ അവാസന സ്ഥാനത്താണ്. പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തണമെങ്കില്‍ വാര്‍ണര്‍ക്കും കൂട്ടര്‍ക്കും ജയിച്ച് ശീലിച്ചെ മതിയാകൂ. ഡല്‍ഹിക്കെതിരായ അവസാന മത്സരത്തില്‍ ഒരു ഘട്ടത്തില്‍ ജയം കൈപ്പിടിയിലൊതുക്കിയ ശേഷമാണ് ഹൈദരാബാദ് മത്സരം സൂപ്പര്‍ ഓവറിലേക്ക് നീട്ടി നല്‍കിയത്. പിന്നാലെ സൂപ്പര്‍ ഓവറില്‍ റിഷഭ് പന്തിനും കൂട്ടര്‍ക്കും മുന്നില്‍ ഡല്‍ഹിക്ക് മുട്ടുമടക്കേണ്ടിയും വന്നു. ബാറ്റിങ്ങില്‍ മിഡില്‍ ഓര്‍ഡര്‍ ഫോമിലേക്ക് ഉയരാത്തതാണ് ഹൈദരാബാദ് നേരിടുന്ന വെല്ലുവിളി.
ഡേവിഡ് വാര്‍ണറും ജോണി ബെയര്‍സ്റ്റോയും കെയിന്‍ വില്യംസണും മനീഷ് പാണ്ഡെയും കഴിഞ്ഞാല്‍ മറ്റാരും ഹൈദരാബാദ് നിരയില്‍ ആരും പ്രതീക്ഷക്കൊത്ത് ഉയര്‍ന്നിട്ടില്ല. ബൗളിങ്ങിലും ഹൈദരാബാദ് സമാന വെല്ലുവിളി നേരിടുന്നുണ്ട്. പേസര്‍ ടി നടരാജന്റെ അഭാവമാണ് പ്രധാന തിരിച്ചടി. നടരാജന്‍ പരിക്കേറ്റ് പുറത്തിരിക്കുന്ന പശ്ചാത്തലത്തില്‍ മുഹമ്മദ് ഷമിയും ഭുവനേശ്വര്‍ കുമാറും ചേര്‍ന്നാണ് ഹൈദരാബാദിന്റെ പേസ് ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. അഫ്ഗാന്‍ താരങ്ങളായ റാഷിദ് ഖാനും മുജീബുര്‍ റഹ്മാനും ചേര്‍ന്നാണ് ഹൈദരാബാദിനായി സ്പിന്‍ തന്ത്രങ്ങള്‍ക്ക് ഒരുക്കുന്നത്.
ഇരു ടീമുകളും ഇതിനുമുമ്പ് 14 തവണ നേര്‍ക്കുനേര്‍ വന്നപ്പോള്‍ 10 തവണയും ജയം ചെന്നൈക്കൊപ്പം നിന്നു. നാല് തവണ ഹൈദരാബാദും ജയിച്ചു. 2018ല്‍ മാത്രം നാല് തവണയാണ് ഹൈദരാബാദിനെ പരാജയപ്പെടുത്തിയത്. ഫൈനലില്‍ ഉള്‍പ്പെടെ ഹൈദരാബാദിനെ പരാജയപ്പെടുത്തിയ ചെന്നൈ ആ പ്രാവശ്യം കപ്പടിച്ചു.