chennai rk nagar byelection

ttv-dinakaran

ചെന്നൈ: ചെന്നൈ ആര്‍ കെ നഗറില്‍ ടിടിവി ദിനകരന്‍ എഐഎഡിഎംകെ സ്ഥാനാര്‍ത്ഥിയാകും.

‘രണ്ടില’ ചിഹ്നത്തില്‍ മത്സരിക്കുമെന്നും 50,000ല്‍ അധികം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ താന്‍ വിജയിക്കുമെന്നും ദിനകരന്‍ മാധ്യമങ്ങളോട് പറഞ്ഞു. ആര്‍കെ നഗര്‍ അമ്മയുടെ മണ്ഡലമാണ്. ഇവിടെ അമ്മ നടപ്പാക്കിയിരുന്ന പദ്ധതികള്‍ മുടക്കം കൂടാതെ തുടരും. ഡിഎംകെ സ്ഥാനാര്‍ഥി മാത്രമാണ് തനിക്ക് എതിരാളിയെന്നും മറ്റേതെങ്കിലും പാര്‍ട്ടിയോ വ്യക്തിയോ എതിരാളിയായില്ലെന്നും അദ്ദേഹം പറഞ്ഞു.

ജയലളിതയുടെ സഹോദരപുത്രിയായ ദീപ ജയകുമാറും ആര്‍കെ നഗറില്‍ മത്സരിക്കുന്നുണ്ട്. ഔദ്യോഗിക എഐഎഡിഎംകെയുമായി തെറ്റി നില്‍ക്കുന്ന ഒ. പനീര്‍ശെല്‍വം രണ്ടില ചിഹ്നം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു.

ടി.ടി.വി. സഹോദരന്മാരെന്നറിയപ്പെടുന്ന ദിനകരന്‍, സുധാകരന്‍, ഭാസ്‌കരന്‍ എന്നിവര്‍ ശശികലയുടെ സഹോദരി വനിതാമണിയുടെ മക്കളാണ്.

ജയ ടി.വി. തുടങ്ങിയപ്പോള്‍ ദിനകരനായിരുന്നു ആദ്യം അതിന്റെ ഡയറക്ടര്‍. അതിനും മുമ്പ് ശശികലയുടെ വിനോദ് വീഡിയോസില്‍ ക്യാമറാമാനായി ദിനകരന്‍ ജോലിനോക്കിയിരുന്നു

ജയലളിതയുടെ മരണത്തോടെ ഒഴിവുവന്ന സ്ഥാനത്തേയ്ക്ക് ഏപ്രില്‍ 12ന് നടക്കുന്ന ഉപ തിരഞ്ഞെടുപ്പില്‍ ദിനകരന്‍ മത്സരിക്കുന്ന കാര്യം പാര്‍ട്ടി അധ്യക്ഷന്‍ കെ.എ സെങ്കോട്ടൈയന്‍ ആണ് പ്രഖ്യാപിച്ചത്. മാര്‍ച്ച് 23ന് ആണ് ദിനകരന്‍ പത്രിക സമര്‍പ്പിക്കുന്നത്.

ശശികലയുടെ നോമിനിയാണ് ടിടിവി ദിനകരന്‍.

Top