Chennai rk nagar election result will be determined tamilnadu politics

ചെന്നൈ: ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട വിവാദം വീണ്ടും പുകയുന്നു.

ജയലളിതയെ അപ്പോളോ ആശുപത്രിയിലെത്തിച്ചപ്പോള്‍ ശരീരം നിശ്ചലാവസ്ഥയിലായിരുന്നുവെന്ന് വെളിപ്പെടുത്തിയ വനിതാ ഡോക്ടറെ പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രി പനീര്‍ ശെല്‍വത്തിന്റെ നേതൃത്യത്തില്‍ പതിനൊന്ന് എംപിമാര്‍ രാഷ്ട്രപതിക്ക് നിവേദനം നല്‍കിയിരിക്കുകയാണ്.

മുന്‍ മുഖ്യമന്ത്രിയും പാര്‍ലമെന്റിലെ ഒരു സംഘം എം പിമാരും രേഖാമൂലം നല്‍കിയ പരാതി ആയതിനാല്‍ രാഷ്ട്രപതി കേന്ദ്ര സര്‍ക്കാറിന് എന്ത് നിര്‍ദേശമാണ് നല്‍കുകയെന്നത് നിര്‍ണ്ണായകമാണ്. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണമാണ് പനീര്‍ശെല്‍വവും സംഘവും ആവശ്യപ്പെടുന്നത്.

ജയലളിത പ്രതിനിധീകരിച്ചിരുന്ന ചെന്നൈ ആര്‍.കെ മണ്ഡലത്തില്‍ ഏത് നിമിഷവും തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്ന് ഉറപ്പായിരിക്കെ മുന്‍ മുഖ്യമന്ത്രിയുടെ മരണം സംബന്ധമായ വിവാദം തന്നെയായിരിക്കും തിരഞ്ഞെടുപ്പില്‍ മുഖ്യ പ്രചരണ വിഷയമാകുക.

തലൈവിയോടുള്ള ജനങ്ങളുടെ താല്‍പര്യം ആര്‍.കെ നഗറില്‍ മത്സരിക്കുമെന്ന് ഇതിനകം പ്രഖ്യാപിച്ചിരിക്കുന്ന സഹോദരപുത്രി ദീപക്ക് അനുകൂലമാകുമോ എന്ന ആശങ്ക ഭരണപക്ഷത്തേക്കാള്‍ പ്രതിപക്ഷത്തിനാണുള്ളത്.

അടുത്ത ഊഴത്തില്‍ ഭരണം ഉറപ്പിച്ച ഡിഎംകെ ക്ക് ദീപ ആര്‍.കെ നഗറില്‍ വിജയിച്ചാല്‍ വന്‍ വെല്ലുവിളിയാകും. ഇത്തരമൊരു അട്ടിമറി വിജയം ദീപ ആര്‍.കെ.നഗറില്‍ നേടിയാല്‍ അണ്ണാ ഡിഎംകെയില്‍ നിന്ന് വലിയ ഒരു ഒഴുക്ക് തന്നെ ദീപയുടെ എംജിആര്‍ അമ്മ ദീപ പേരാവൈ പാര്‍ട്ടിയിലേക്കുണ്ടാകും. ഇപ്പോള്‍ തന്നെ തമിഴ്‌നാട്ടിലെ വിവിധ ജില്ലകളില്‍ എംജിആര്‍ അമ്മ ദീപ പേരാവൈ പാര്‍ട്ടിയിലേക്ക് അണ്ണാ ഡിഎംകെ പ്രവര്‍ത്തകര്‍ പ്രവഹിച്ച് തുടങ്ങിയിട്ടുണ്ട്.

ശശികലയുടെ ബന്ധുക്കളെ പാര്‍ട്ടി തലപ്പത്ത് പ്രതിഷ്ടിച്ചതില്‍ അണ്ണാ ഡിഎംകെയില്‍ വലിയ അസംതൃപ്തി രൂപപ്പെട്ടിട്ടുണ്ട്. ഇത് മുതലെടുക്കാന്‍ പനീര്‍ശെല്‍വ വിഭാഗം രംഗത്തുണ്ടെങ്കിലും ദീപയോടാണ് പാര്‍ട്ടി അണികളില്‍ വലിയ വിഭാഗത്തിനും താല്‍പര്യം.

ജയലളിതയുടെ രൂപ സാദൃശ്യവും മാനിറസങ്ങളും ദീപക്കുള്ളത് ഒരു വിഭാഗം ജനങ്ങള്‍ക്കിടയില്‍ അവരെ ഇതിനകം സ്വീകാര്യരാക്കി കഴിഞ്ഞിട്ടുണ്ട്. ഈ യാഥാര്‍ത്ഥ്യം മനസ്സിലാക്കി കൊണ്ട് കൂടിയാണ് ഡിഎംകെ നേതാവ് എം കെ സ്റ്റാലിന്‍ ഇപ്പോള്‍ ജയലളിതയുടെ ഫോട്ടോ സര്‍ക്കാര്‍ ഓഫീസുകളില്‍ വച്ചതിനെതിരെ രംഗത്ത് വന്നിരിക്കുന്നത്.

സുപ്രീം കോടതി ജയലളിത ഉള്‍പ്പെട്ടിരുന്ന കേസില്‍ ശിക്ഷ വിധിച്ച് കഴിഞ്ഞതിനാല്‍ അവരുടെ ഫോട്ടോ സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്ന് എടുത്ത് കളയണമെന്നതാണ് ഡിഎംകെയുടെ ആവശ്യം. ജയലളിതക്ക് ഇപ്പോഴും തമിഴകത്തുള്ള സ്വാധീനം ദീപക്ക് ഗുണമാകുമെന്ന് കണ്ടുകൂടിയാണ് ഈ നീക്കം.

എന്നാല്‍ ശശികലയുടെയും അവരുടെ കുടുംബത്തിന്റെയും ‘കെണിയില്‍ ‘ പെട്ട് പോയതാണ് ജയലളിതയെന്നാണ് ദീപയെ അനുകൂലിക്കുന്നവര്‍ വാദിക്കുന്നത്. കാര്യങ്ങള്‍ എന്ത് തന്നെയായാലും ആര്‍.കെ നഗറില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ ദീപ വിജയിച്ചാല്‍ അത് ഭരണപക്ഷത്തിന് മാത്രമല്ല പ്രതിപക്ഷത്തിനും വലിയ തിരിച്ചടിയാകുമെന്ന കാര്യം ഉറപ്പാണ്.

ജയലളിതയുടെ പിന്‍ഗാമിയായി ദീപ വിജയക്കൊടി നാട്ടിയാല്‍ അത് തമിഴക രാഷ്ട്രീയത്തില്‍ പുതിയ വഴിത്തിരുവിനുതന്നെ കാരണമാകും. എംജിആര്‍ അമ്മ ദീപ പേരാവൈ പാര്‍ട്ടി ഇതിനകം തന്നെ ആര്‍.കെ നഗറില്‍ പ്രവര്‍ത്തനം തുടങ്ങി കഴിഞ്ഞു.

Top