പഞ്ചാബ് പുറത്തായി; ക്വാളിഫയറില്‍ ചെന്നൈയും ഹൈദരാബാദും

chennai

പുനെ: ഐ.പി.എല്‍. ക്രിക്കറ്റ് പതിനൊന്നാം സീസണിലെ ലീഗ് മത്സരങ്ങള്‍ സമാപിച്ചു. ചൊവ്വാഴ്ച നടക്കുന്ന ഒന്നാം ക്വാളിഫയറില്‍ ഹൈദരാബാദ് സണ്‍ റൈസേഴ്സ് ചെന്നൈ സൂപ്പര്‍ കിങ്സിനെ നേരിടും. ഇന്നലെ നടന്ന അവസാന ലീഗ് മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സ് പഞ്ചാബ് കിങ്സ് ഇലവനെ അഞ്ച് വിക്കറ്റിനു തോല്‍പ്പിച്ചിരുന്നു.

154 റണ്ണിന്റെ ലക്ഷ്യം വച്ച് കളിച്ച ചെന്നൈയെ 48 പന്തില്‍ രണ്ട് സിക്സറും നാല് ഫോറുമടക്കം 61 റണ്ണുമായി പുറത്താകാതെനിന്ന സുരേഷ് റെയ്നയാണു ജയത്തിലേക്കു നയിച്ചത്. നായകന്‍ എം.എസ്. ധോണി ഏഴ് പന്തില്‍ ഒരു സിക്സറും ഒരു ഫോറുമടക്കം 16 റണ്ണുമായി റെയ്നയ്ക്കു കൂട്ടുനിന്നു. ദീപക് ചാഹാര്‍ 20 പന്തില്‍ മൂന്ന് സിക്സറും ഒവു ഫോറുമടക്കം 39 റണ്ണുമായി പുറത്താകാതെ നിന്നു.

ആദ്യം ബാറ്റ് ചെയ്ത കിങ്സ് ഇലവന്‍ 19.4 ഓവറില്‍ 153 റണ്ണിന് ഓള്‍ഔട്ടായി. നാല് ഓവറില്‍ ഒരു മെയ്ഡിനടക്കം നാലു വിക്കറ്റെടുത്ത ദക്ഷിണാഫ്രിക്കന്‍ പേസര്‍ ലുങ്കി എന്‍ഗിഡിയാണ് കിങ്സ് ഇലവനെ തകര്‍ത്തത്.

മലയാളി താരം കരുണ്‍ നായര്‍ 26 പന്തില്‍ അഞ്ച് സിക്സറും മൂന്ന് ഫോറുമടക്കം (54) അര്‍ധ സെഞ്ച്വറി നേടി. മായങ്ക് തിവാരി 30 പന്തില്‍ 35 റണ്ണെടുത്തു.

Top