ചെന്നൈ: മന്ത്രിയുടെ അഴിമതികളെക്കുറിച്ച് എഴുതിയ പുസ്തകം വിറ്റതിനു മാധ്യമ പ്രവര്‍ത്തകന്‍ അറസ്റ്റില്‍. മക്കള്‍ സെയ്തി മയ്യം പ്രസിദ്ധീകരണത്തിലെ വി.അന്‍പഴകനാണ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം അറസ്റ്റിലായത്. ചെന്നൈ ബുക്ക് ഫെയറിന്റെ സ്റ്റാളില്‍ തദ്ദേശ വകുപ്പ് മന്ത്രി എസ്.പി വേലുമണിയുടെ അഴിമതി രേഖകളടങ്ങിയ പുസ്തകം വില്‍ക്കുന്നത് സംബന്ധിച്ച തര്‍ക്കമാണ് അറസ്റ്റിലാവാന്‍ കാരണമായത്.
ചെന്നൈ നന്ദനത്തെ വൈ.എം.സി.എ ഗ്രൗണ്ടിലെ പുസ്തക മേളയില്‍ അന്‍പഴകന്റെ സ്റ്റാളില്‍ ഈ പുസ്തകം പ്രദര്‍ശിപ്പിച്ചിരുന്നു. സര്‍ക്കാരിനെതിരെയുള്ള പുസ്തകം വില്‍ക്കാനാവില്ലെന്നു സംഘാടകരായ ബുക്ക് സെല്ലേഴ്‌സ് ആന്ഡ് പബ്ലിഷേഴ്‌സ് അസോസിയേഷന്‍ അന്‍പഴകനെ അറിയിച്ചിരുന്നു. എന്നാല്‍ സ്റ്റാളിനായി മുടക്കിയ പണം തിരികെ നല്‍കിയാല്‍ പ്രദര്‍ശനം നിര്‍ത്താമെന്ന് അന്‍പഴകനും നിലപാട് എടുത്തു. തുടര്‍ന്ന് പണം തിരികെ നല്‍കി പ്രശ്‌നം പരിഹരിക്കുകയും ചെയ്തിരുന്നു. തൊട്ടുപിറകെ ആക്രമിക്കാന്‍ ശ്രമിച്ചതായി പുസ്തക മേളയുടെ സംഘാടകര്‍ സെയ്ദാപേട്ട് പൊലീസില്‍ പരാതി നല്‍കി.
പുലര്‍ച്ചെ വീട്ടില്‍ റെയ്ഡ് നടത്തിയാണ് അന്‍പഴകനെ പൊലീസ് കസ്റ്റഡയില്‍ എടുത്തത്. തടഞ്ഞുവെയ്ക്കല്‍, പൊതു സ്ഥലത്ത് അശ്ലീലം പറയല്‍ ,ഭീഷണിപെടുത്തല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയിനെ തുടര്‍ന്ന് കോടതി റിമാന്‍ഡ് ചെയ്തു. തമിഴ്‌നാട് സര്‍ക്കാരിലെ അഴിമതികള്‍ നിരന്തരം പുറത്തുകൊണ്ടുവരുന്ന അന്‍പഴകനെതിരെ നിലവില്‍ 26 കേസുകളുണ്ട്.