കര്‍ണാടക ഗവര്‍ണര്‍ രാജിവച്ചൊഴിയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

chennithala.

തിരുവനന്തപുരം: സിപിഎം ജനറല്‍ സെക്രട്ടറിക്കു പിന്നാലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കര്‍ണാടക ഗവര്‍ണര്‍ വാജുഭായ് വാല രാജിവച്ചൊഴിയണമെന്ന് വ്യക്തമാക്കി. ഫേസ്ബുക്കിലൂടെയായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. ജനാധിപത്യ മൂല്യങ്ങള്‍ കാറ്റില്‍ പറത്തി നഗ്‌നമായ രാഷ്ട്രീയ കളി നടത്തിയ ഗവര്‍ണര്‍ രാജി വയ്ക്കണം. ജനാധിപത്യത്തെ അട്ടിമറിച്ച് കുതിരക്കച്ചവടത്തിലൂടെ അധികാരം പിടിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെയും കുത്സിത നീക്കത്തിന്റെ നാണംകെട്ട പരാജയമാണ് കര്‍ണാടകയില്‍ സംഭവിച്ചതെന്നും അദ്ദേഹം പറഞ്ഞു. അധികാരവും പണവും കുതന്ത്രങ്ങളും കൊണ്ട് ജനാധിപത്യത്തെ തകിടം മറിക്കാനുള്ള ശ്രമമാണ് ഫലിക്കാതെ പോയതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

കര്‍ണാടക രാഷ്ട്രീയത്തില്‍ നാടകീയമായ സംഭവങ്ങളാണ്‌ കഴിഞ്ഞ കുറെ ദിവസങ്ങളായി അരങ്ങേറിയിരുന്നത്. ഭൂരിപക്ഷമില്ലാതിരുന്നിട്ട് കൂടി സര്‍ക്കാരുണ്ടാക്കാന്‍ ബിജെപിയെ ഗവര്‍ണ്ണര്‍ ക്ഷണിക്കുകയും നിയമത്തിനെതിരെയുള്ള ഗവര്‍ണ്ണറുടെ പ്രവൃത്തിയെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ് ജെഡിഎസ് സഖ്യം സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുകയും കര്‍ണാടക മുഖ്യമന്ത്രിയായി യെദിയൂരപ്പ സ്ഥാനമേല്‍ക്കുന്നതിന് തടസമില്ലെന്ന് കോടതി വ്യക്തമാക്കുകയും ചെയ്തപ്പോള്‍ കനത്ത ആഘാതമാണ് കോണ്‍ഗ്രസിന് നേരിടേണ്ടി വന്നത്. എന്നാല്‍ അവിശ്വാസ വോട്ടെടുപ്പിന് മുന്‍പേ തന്നെ യെദിയൂരപ്പയുടെ രാജിവയ്ക്കല്‍ കോണ്‍ഗ്രസിനെ സംബന്ധിച്ച് സന്തോഷമുഹൂര്‍ത്തമായിരുന്നു. കര്‍ണാടക മുഖ്യമന്ത്രി പദത്തിലേയ്ക്ക് ഇനിയെത്തുന്നത് ജനദാദളിന്റെ കുമാരസ്വാമിയാണ്. ബുധനാഴ്ചയാണ്‌ കുമാരസ്വാമിയുടെ സത്യപ്രതിജ്ഞ.

Top