ലോക കേരള സഭ ധൂര്‍ത്തിന്റെയും അഴിമതിയുടെയും പര്യായം; ചെന്നിത്തല

കോഴിക്കോട്: സംസ്ഥാന സര്‍ക്കാരിനും നിയമസഭാ സ്പീക്കര്‍ക്കുമെതിരെ അഴിമതി ആരോപണങ്ങളുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരള നിയമസഭയുമായി ബന്ധപ്പെട്ട് കോടികളുടെ അഴിമതിയാണ് നടന്നത്. സ്പീക്കറുടെ പക്ഷപാതിത്വവും നിയമസഭയിലെ ധൂര്‍ത്തും അഴിമതിയും ഞെട്ടിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

ലോക കേരള സഭ ചേരുന്നതിനായി ശങ്കരനാരായണന്‍ തമ്പി ഹാളിന്റെ നവീകരണത്തിന്റെ പേരില്‍ കോടികളുടെ അഴിമതിയാണ് നടന്നതെന്ന് ചെന്നിത്തല ആരോപിച്ചു. ഹാളിന്റെ നവീകരണത്തിനായി 1.84 കോടി രൂപ നേരത്തെ ചെലവാക്കിയിരുന്നു. ഊരാളുങ്കല്‍ സര്‍വീസ് സൊസൈറ്റിയെ ആണ് ആ പ്രവൃത്തി ഏല്‍പിച്ചത്. ടെണ്ടര്‍ അടക്കമുള്ള നപടിക്രമങ്ങള്‍ പാലിക്കാതെയായിരുന്നു ഇത്.

2020ല്‍ ലോക കേരള സഭ ചേര്‍ന്നപ്പോള്‍ വീണ്ടും 16.65 കോടി രൂപ ചെലവഴിച്ച് നവീകരിക്കാന്‍ നടപടി സ്വീകരിച്ചു. ഇതും ഊരാളുങ്കല്‍ സൊസൈറ്റിക്കു തന്നെയാണ് ടെണ്ടര്‍ ഇല്ലാതെ നല്‍കി. ഒന്നര ദിവസത്തെ ലോക കേരള സഭയ്ക്കു വേണ്ടിയായിരുന്നു ഇത്. ഇപ്പോള്‍ ഈ ഹാള്‍ അടച്ചിട്ടിരിക്കുകയാണ്. ഇതുവരെ 12 കോടി രൂപയുടെ ബില്‍ ഊരാളുങ്കല്‍ സൊസൈറ്റിക്ക് നല്‍കിക്കഴിഞ്ഞു. കോവിഡിന്റെ സാമ്പത്തിക നിയന്ത്രണത്തില്‍ പ്രത്യേക ഇളവ് നല്‍കിയായിരുന്നു ഇത്.

നിയമസഭയെ കടലാസ് രഹിതമാക്കുന്ന പദ്ധതിക്കായി 52.33 കോടി രൂപയുടെ പദ്ധതിയും ഏല്‍പിച്ചത് ഊരാളുങ്കല്‍ സൊസൈറ്റിയെയാണ്. 13.53 കോടി രൂപ മൊബിലൈസേഷന്‍ അഡ്വാന്‍സും നല്‍കി. ഈ നിയമസഭയ്ക്കു വേണ്ടി 52.31 കോടി രൂപയാണ് ഇതുവരെ ചെലവഴിച്ചത്.

ഫെസ്റ്റിവല്‍ ഓഫ് ഡമോക്രസി എന്ന പരിപാടി അഴിമതിയുടെ ഉത്സവമായിരുന്നു. ആറു പരിപാടിക്ക് പദ്ധതിയിട്ടിരുന്നെങ്കിലും കോവിഡ് കാരണം രണ്ടെണ്ണമേ നടത്തിയുള്ളൂ. ഇതിനു മാത്രം രണ്ടേകാല്‍ കോടി രൂപയാണ് ചെലവഴിച്ചത്. ഈ പരിപാടിക്ക് ഭക്ഷണ ചെലവുമാത്രം 68 ലക്ഷം രൂപ. യാത്രാ ചിലവ് 42 ലക്ഷം രൂപ. മറ്റു ചിലവുകള്‍ 1.21 കോടി രൂപ, പരസ്യം 31 ലക്ഷം രൂപ എന്നിങ്ങനെയാണ് ചെലവഴിച്ചത്. ഈ പരിപാടിക്കായി അഞ്ചു പേര്‍ക്ക് കരാര്‍ നിയമനം നല്‍കി. പരിപാടി അവസാനിച്ചിട്ട് രണ്ട് വര്‍ഷമായിട്ടും ഈ ജീവനക്കാര്‍ ഇപ്പോഴും പ്രതിമാസം 30000 രൂപ ശമ്പളം വാങ്ങുന്നുണ്ട്. 21.61 ലക്ഷം രൂപയാണ് ഈ ഇനത്തില്‍ ചെലവാക്കിയത്.

എല്ലാ ധൂര്‍ത്തും അഴിമതിയും സ്പീക്കറുടെ നേതൃത്വത്തിലാണ് നടന്നത്. സ്പീക്കര്‍ക്കെതിരെ അന്വേഷണം നടത്തണമെന്നും നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് കത്ത് നല്‍കുമെന്നും ചെന്നിത്തല പറഞ്ഞു.

Top