കേരളത്തിലെ ജനങ്ങളുടെ അന്നം മുടക്കുന്നത് മുഖ്യമന്ത്രിയെന്ന് ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാനത്തെ ജനങ്ങളുടെ അന്നം മുടക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പൂഴ്ത്തിവെച്ച അരി സമയത്ത് കൊടുക്കാതെ തിരഞ്ഞെടുപ്പിന് മുമ്പ് വിതരണം ചെയ്യുന്നത് ചട്ടലംഘനമാണ്. മൂന്നാഴ്ചയായി റേഷന്‍കടയില്‍ അരി പൂഴ്ത്തിവെച്ചത് മുഖ്യമന്ത്രിയാണ്. പൂഴ്ത്തിവെച്ച അരി തിരഞ്ഞെടുപ്പിന് മുമ്പ് വിതരണം ചെയ്ത് അവരുടെ ദാരിദ്ര്യത്തെ വിറ്റ് വോട്ടാക്കാന്‍ ശ്രമിച്ചതും ജനങ്ങളുടെ അന്നംമുടക്കിയതും മുഖ്യമന്ത്രിയാണെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ ആദ്യമായി ഓണക്കിറ്റ് നല്‍കിയത് കോണ്‍ഗ്രസാണ്. ഇപ്പോള്‍ വിഷുവിന് കൊടുക്കേണ്ട കിറ്റാണ് നേരത്തെ വിതരണം ചെയ്യുന്നത്. വിഷുവിന്റെ കിറ്റ് ഏപ്രില്‍ ആറിന് ശേഷം കൊടുത്താല്‍ പോരെയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

ഇരട്ടവോട്ട് ആരുടെയുണ്ടെങ്കിലും കണ്ടെത്തണം. അത് ഒഴിവാക്കണം. അമ്മയുടേത് ഉള്‍പ്പെടെ കുടുംബത്തിലെ എല്ലാവരുടെ വോട്ടും ചെന്നിത്തലയില്‍ നിന്ന് ഹരിപ്പാട്ടേക്ക് മാറ്റിയപ്പോള്‍ ആദ്യത്തെ സ്ഥലത്തു നിന്ന് ഒഴിവാക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഭാര്യയുടേതും മക്കളുടേതും മരുമകളുടേതും ഉള്‍പ്പെടെയുള്ള വോട്ടുകള്‍ ഒഴിവാക്കിയിട്ടുണ്ട്. ഇത് മാത്രം എന്ത് സംഭവിച്ചുവെന്ന് അറിയില്ല. അത് ഉദ്യോഗസ്ഥരാണ് പറയേണ്ടത്. ഇതുകൊണ്ടൊന്നും കള്ളവോട്ടിനെതിരെയുള്ള തന്റെ പോരാട്ടത്തെ തകര്‍ക്കാമെന്ന് കരുതേണ്ടെന്നും കേരളത്തിലെ നാലര ലക്ഷം കള്ളവോട്ടുകള്‍ക്ക് പിന്നില്‍ മുഖ്യമന്ത്രിയാണെന്നും ചെന്നിത്തല പറഞ്ഞു.

 

Top