തിരുവനന്തപുരം: ഷുഹൈബ് കൊല്ലപ്പെട്ട കേസില്‍ സിബിഐ അന്വേഷണ ആവശ്യം സര്‍ക്കാര്‍ നിഷേധിച്ച സാഹചര്യത്തില്‍ ശക്തമായ പ്രതിഷേധപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്ന മുഖ്യമന്ത്രിയുടെ നിലപാട് അങ്ങേയറ്റം ജനാധിപത്യവിരുദ്ധമാണ്. കണ്ണൂരില്‍ സമാധാനയോഗം വിളിക്കാനെത്തിയ മന്ത്രി എകെ ബാലന്‍, സിബിഐ അന്വേഷണം അടക്കം ഏത് ആവശ്യവും അംഗീകരിക്കാന്‍ സര്‍ക്കാര്‍ ഒരുക്കമാണെന്നാണ് അറിയിച്ചത്. എന്നാല്‍ ഇപ്പോള്‍ ഈ നിലപാടില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ മലക്കം മറിഞ്ഞത് കൊലപാതകത്തില്‍ ആരെയോ സംരക്ഷിക്കാനുള്ളതിനാലാണെന്ന് ചെന്നിത്തല ആരോപിച്ചു.
കൊലപാതകം ഞങ്ങളല്ല നടത്തിയത് എന്നാണ് കോടിയേരി ബാലൃഷ്ണനും സിപിഐഎം ജില്ലാ സെക്രട്ടറി ജയരാജനും പറയുന്നത്. എന്നാല്‍ പ്രതികളെ പിടികൂടിയ പൊലീസ് പറയുന്നത് സംഭവത്തിന് പിന്നില്‍ സിപിഐഎം ആണെന്ന്. അന്വേഷണം ആരംഭിച്ചതിന് പിന്നാലെ ജില്ലാ പൊലീസ് സൂപ്രണ്ട് അവധിയെടുക്കുന്നു. എല്ലാകാര്യവും സംശയനിഴലിലാണ്. പ്രതികള്‍ക്കെതിരേ യുഎപിഎ ചുമത്താന്‍ പൊലീസ് തയാറാകുന്നുമില്ല. ഇക്കാര്യമെല്ലാം സുചിപ്പിക്കുന്നത് പ്രതികളെ സംരക്ഷിക്കാനുള്ള നീക്കം സര്‍ക്കാരും പൊലീസും നടത്തുന്നുവെന്നാണ്. ഈ സാഹചര്യത്തില്‍ സിബിഐ അന്വേഷണം തന്നെ വേണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.