തിരുവനന്തപുരം: ജനസംഘം നേതാവിന്റെ ജന്മശതാബ്ദിയോടനുബന്ധിച്ച് പ്രധാനമന്ത്രി നടത്തുന്ന പ്രസംഗം എല്ലാ കോളജുകളിലും വിദ്യാര്‍ഥികളെ കേള്‍പ്പിക്കണമെന്ന നിര്‍ദ്ദേശം സംഘപരിവാര്‍ അജണ്ടയുടെ ഭാഗമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സംഘപരിവാറിന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ നടത്തുന്ന ശ്രമത്തിന്റെ ഭാഗമാണ് ഇതെന്നും പ്രധാനമന്ത്രിയുടെ പ്രസംഗം കേള്‍പ്പിക്കണമെന്ന നിര്‍ദ്ദേശം തള്ളിക്കളഞ്ഞ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നിലപാട് ധീരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മുമ്പ് രാജ്യത്തിന് വേണ്ടി വലിയ സംഭാവനകള്‍ നല്‍കിയ നമ്മുടെ ദേശീയ നേതാക്കളെ തമസ്‌കരിക്കാനും, പുതിയ ചിലയാളുകളെ ദേശീയ നേതാക്കളായി വാഴിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇത്തരം നീക്കങ്ങള്‍.
മഹാത്മാഗാന്ധി, പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു, മൗലാന അബുള്‍ കലാം ആസാദ്, തുടങ്ങിയ ഉന്നതരായ ദേശീയ നേതാക്കളുടെ സ്മരണകളുയര്‍ത്തുന്ന പരിപാടികള്‍ പോലും സംഘടിപ്പിക്കാന്‍ മടിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ആര്‍.എസ്.എസ് നേതാവിന്റെ ജന്‍മശതാബ്ദി ആഘോഷവേളയിലെ പ്രധാനമന്ത്രിയുടെ പ്രസംഗം ഇന്ത്യ മുഴുവന്‍ കേള്‍പ്പിക്കണമെന്ന നിര്‍ദേശം സര്‍വ്വകലാശാവലകള്‍ക്ക് നല്‍കുന്നത് ചരിത്രത്തെ തമസ്‌കരിക്കാനുള്ള ഹീന തന്ത്രത്തിന്റെ ഭാഗമായാണെന്നും ചെന്നിത്തല വിമര്‍ശിച്ചു.
കഴിഞ്ഞദിവസമാണ് തിങ്കളാഴ്ച നടക്കുന്ന ദീനദയാല്‍ ഉപാധ്യായ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായുള്ള ചടങ്ങില്‍ പ്രധാനമന്ത്രി നടത്തുന്ന പ്രസംഗം ഇന്ത്യയിലെ എല്ലാ കോളുജുകളിലെയും, സര്‍വ്വകലാശാലകളിലെയും വിദ്യാര്‍ത്ഥികളെ നിര്‍ബന്ധമായും കേള്‍പ്പിക്കണമെന്ന സര്‍ക്കുലര്‍ യുജിസി പുറത്തുവിട്ടത്.