സര്‍ക്കാരിനെതിരെ ചെന്നിത്തല; ഓഖി ദുരിതാശ്വാസ പ്രവര്‍ത്തനം പ്രഖ്യാപനങ്ങളില്‍ മാത്രം

തിരുവനന്തപുരം: ഓഖി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രമേശ് ചെന്നിത്തല.

ദുരതാശ്വാസ പ്രവര്‍ത്തനം പ്രഖ്യാപനങ്ങളില്‍ മാത്രം ഒതുങ്ങിയെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

തീരപ്രദേശത്തെ കുടുംബങ്ങള്‍ക്ക് ഒരാഴ്ചത്തേക്ക് 2000രൂപ ധനസഹായം നല്‍കണമെന്ന് തീരുമാനിച്ചെങ്കിലും അതു ഇതുവരെ നല്‍കിയില്ല.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പ്രതിപക്ഷത്തെ കുറ്റപ്പെടുത്തി ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

ഓഖി മുന്നറിയിപ്പ് ലഭിച്ചിട്ടും കൃത്യസമയത്ത് ഉണര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കഴിയാതെ പോയ സര്‍ക്കാരിന്റെ വീഴ്ച മറച്ചു വെക്കാനാണ് അദ്ദേഹം കേന്ദ്ര സര്‍ക്കാരിന് മുന്നിലും ശ്രമിച്ചത്. സൗജന്യ റേഷന്‍ വിതരണം ഇപ്പോഴും കാര്യക്ഷമമായിട്ടില്ല. മോശപ്പെട്ട അരിയാണ് ഇപ്പോള്‍ വിതരണം ചെയ്യുന്നത് എന്ന പാരതിയുണ്ട്.

തീരദേശത്ത് ഫുഡ്കിറ്റ് വിതരണം ചെയ്യണമെന്ന പ്രതിപക്ഷ നിര്‍ദ്ദേളം പരിഗണിക്കണമെന്ന് സര്‍വ്വകക്ഷി യോഗത്തില്‍ മുഖ്യമന്ത്രി സമ്മതിച്ചെങ്കിലും ഇതു വരെ നടപടിയായില്ലെന്നും ചെന്നിത്തല പറഞ്ഞു.

ദുരന്തത്തെ കുറിച്ച് നേരത്തെ മുന്നറിയിപ്പ് ലഭിച്ചിട്ടും വേണ്ട മുന്‍കരുതല്‍ എടുക്കുന്നതില്‍ വലിയ വീഴ്ച വരുത്തിയ സര്‍ക്കാര്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തിലും അതേ അലംഭാവം തുടരുകയാണെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

Top