തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസില്‍ കക്ഷി ചേര്‍ക്കണം എന്ന ആവശ്യവുമായി രമേശ് ചെന്നിത്തല കോടതിയെ സമീപിച്ചു. ഇതിനു സാധിക്കില്ലെന്നു പ്രോസിക്യൂഷന്‍ നിലപാടെടുത്തെങ്കിലും കോടതി അംഗീകരിച്ചില്ല. ക്രിമിനല്‍ ചട്ടത്തിലെ നിയമപ്രകാരം ഒരു കേസില്‍ കക്ഷി ചേര്‍ക്കുവാന്‍ കഴിയുമെന്ന് കോടതി നിരീക്ഷിച്ചു. രമേശ് ചെന്നിത്തലയുടെ ഹര്‍ജിയില്‍ കോടതി ഈ മാസം 31ന് വാദം കേള്‍ക്കും.
ഇതിനിടെ കേസില്‍ കക്ഷിചേര്‍ക്കണം എന്നാവശ്യപ്പെട്ട് അഭിഭാഷക പരിഷത്തും കോടതിയില്‍ അപേക്ഷ നല്‍കി. വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി അടക്കമുള്ളവര്‍ നല്‍കിയ വിടുതല്‍ ഹര്‍ജികള്‍ ഇതിനുശേഷം കോടതി പരിഗണിക്കും. കേസില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി രൂക്ഷ വിമര്‍ശനത്തോടെ തള്ളിയിരുന്നു. ഇതോടെ കേസിലെ മുഴുവന്‍ പ്രതികളും വിചാരണ നേരിടേണ്ടി വരും. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയാണ് കേസ് പരിഗണിക്കുന്നത്