ജനങ്ങളുടെ അന്നം പിടിച്ചുവെച്ചത് മുഖ്യമന്ത്രിയെന്ന് ചെന്നിത്തല

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ലംഘിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അന്നം പിടിച്ചുവച്ചത് മുഖ്യമന്ത്രി ആണെന്നും തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ വേണ്ടിയാണ് ഇപ്പോള്‍ വിതരണം ചെയ്യുന്നത് എന്നും അദ്ദേഹം ആരോപിച്ചു.

‘യുപിഎ സര്‍ക്കാരിന്റെ കാലത്ത് നടപ്പാക്കിയ ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ അടിസ്ഥാനത്തില്‍ സെപ്തംബര്‍ മുതല്‍ മാര്‍ച്ച് വരെ സ്‌കൂള്‍ കുട്ടികള്‍ക്ക് കൊടുക്കേണ്ട അന്നം പിടിച്ചുവച്ചത് ഈ മുഖ്യമന്ത്രിയല്ലേ. കൊടുക്കാതെ പൂഴ്ത്തിവച്ചത് ഈ മുഖ്യമന്ത്രിയല്ലേ. എന്നിട്ട് തെരഞ്ഞെടുപ്പായപ്പോള്‍ ആ പൂഴ്ത്തിവച്ച സാധനങ്ങള്‍ ഇപ്പോള്‍ വിതരണം ചെയ്യുന്നു. എന്ത് ന്യായമാണ് അത്. തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ വേണ്ടിയല്ലേ ഇപ്പോള്‍ വിതരണം ചെയ്യുന്നത്. ഏപ്രില്‍ 14നേയുള്ളൂ വിഷു. ഏപ്രില്‍ 6നു മുന്‍പ് കിറ്റ് വിതരണം ചെയ്യുന്നത് തെരഞ്ഞെടുപ്പ് അഴിമതിയല്ലേ. അത് തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമല്ലേ. ഇത് പെരുമാറ്റച്ചട്ടത്തിനു വിരുദ്ധമല്ലേ. തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കും.”- ചെന്നിത്തല പറഞ്ഞു.

ഏപ്രില്‍ മാസത്തെ പെന്‍ഷന്‍ കൊടുക്കുന്നത് മനസ്സിലാവും. മെയ് മാസത്തിലെ പെന്‍ഷന്‍ ഏപ്രില്‍ മാസത്തില്‍ കൊടുക്കുന്നത് എന്തിനാണ്? ഇത് തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘കേരളത്തിലെ ജനങ്ങള്‍ക്ക് ആദ്യം കിറ്റ് കൊടുത്തത് ഞങ്ങളാണ്. സൗജന്യ അരി കൊടുത്തത് യുഡിഎഫാണ്. സൗജന്യ കിറ്റ് കൊടുക്കുന്നതിന് ഞങ്ങള്‍ എതിരല്ല. ആദ്യമായി ഓണക്കിറ്റ് നല്‍കിയത് ഉമ്മന്‍ ചാണ്ടി സര്‍ക്കാരാണ്. ഇവര്‍ ആ ഓണക്കിറ്റ് നിര്‍ത്തിയവരാണ്. സൗജന്യ അരി കൊടുത്തത് ഞങ്ങളാണ്. അന്നം കൊടുക്കുന്ന കാര്യം ഞങ്ങളെ പഠിപ്പിക്കേണ്ട. ആദ്യം കേരളത്തില്‍ അന്നം കൊടുത്തത് ഞങ്ങളാണ്.”- ചെന്നിത്തല പറഞ്ഞു

 

Top