തിരുവനന്തപുരം: സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ മിന്നല്‍ പണിമുടക്ക് നടത്തരുതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഡോക്ടര്‍മാരുടെ പണിമുടക്ക് ജനങ്ങളെ ദുരിതത്തിലാക്കി. സര്‍ക്കാര്‍ ചര്‍ച്ചയിലൂടെ പ്രശ്‌നം പരിഹരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
വെള്ളിയാഴ്ച മുതല്‍ സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ മിന്നല്‍ പണിമുടക്കിലാണ്. ഇത് രോഗികളെ ദുരിതത്തിലാക്കിയിട്ടുണ്ട്. ആവശ്യമായ ഡോക്ടര്‍മാരെയും ജീവനക്കാരെയും നിയമിക്കാതെ കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ സായാഹ്ന ഒപികള്‍ തുടങ്ങിയതില്‍ പ്രതിഷേധിച്ചു ജോലിയില്‍ നിന്നു വിട്ടുനിന്ന പാലക്കാട് കുമരംപുത്തൂര്‍ കുടുംബാരോഗ്യകേന്ദ്രത്തിലെ ഡോ. ലതികയെ സസ്‌പെന്‍ഡ് ചെയ്യുകയും രണ്ടു ഡോക്ടര്‍മാര്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തതിനെ തുടര്‍ന്നാണ് സമരം പ്രഖ്യാപിച്ചത്.
അതേസമയം,സമരത്തില്‍ പങ്കെടുക്കുന്ന ഡോക്ടര്‍മാര്‍ക്കെതിരെ നടപടിയുമായി ആരോഗ്യവകുപ്പ് സെക്രട്ടറി സര്‍ക്കുലര്‍ പുറത്തിറക്കി. പണിമുടക്ക് നിയമവിരുദ്ധമാണെന്നും ഹാജരാകാത്ത ദിവസങ്ങളില്‍ ശമ്പളം നല്‍കില്ലെന്നും സര്‍ക്കുലറില്‍ പറയുന്നുണ്ട്.
വിട്ടു നില്‍ക്കുന്ന ദിവസങ്ങളെ അനധികൃത അവധിയായി കണക്കാക്കും. പ്രൊബേഷനിലുള്ളവര്‍ക്ക് നോട്ടീസ് നല്‍കി സേവനം അവസാനിപ്പിക്കുമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.