വടക്കാഞ്ചേരി: എല്ലാ കോവിഡ് പ്രോട്ടോക്കോളും പാലിച്ചായിരുന്നു സെക്രട്ടേറിയറ്റില്‍ കോണ്‍ഗ്രസ് സമരം നടത്തിയതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രശ്നമുണ്ടാക്കിയത് പൊലീസാണ്. സ്ഥലം എം.എല്‍.എയെ പോലും കയറ്റി വിടാന്‍ തയ്യാറാകാത്തത് കൊണ്ടാണ് തനിക്ക് അവിടെ പോവേണ്ടി വന്നത്. അവരെ ആദ്യം കയറ്റി വിട്ടിരുന്നുവെങ്കില്‍ പ്രശ്നമുണ്ടാകുമായിരുന്നില്ല. ചീഫ് സെക്രട്ടറി സെക്യൂരിറ്റി ഓഫീസറെ പോലെയാണ് പ്രവര്‍ത്തിച്ചതെന്നും ചെന്നിത്തല വ്യക്തമാക്കി.
സ്വര്‍ണക്കടത്തടക്കമുള്ള വിവാദ കേസുകള്‍ അട്ടിമറിക്കാനാണ് ശ്രമം നടന്നത്. ഇതുമായി ബന്ധപ്പെട്ട ഫയലുകളെല്ലാം മുക്കാനുള്ള ശ്രമവും നടന്നു. എല്ലാം പേപ്പര്‍ ഫയലുകള്‍ തന്നെയാണെന്നും ചെന്നിത്തല പ്രതികരിച്ചു.
ലൈഫ് മിഷന്‍ ധാരണാപത്രം ഒപ്പിടുന്ന ചടങ്ങില്‍ സ്വപ്നയുടെ സാന്നിധ്യമുണ്ടായിരുന്നോ എന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. റെഡ് ക്രസന്റാണ് പണം മുടക്കിയതെങ്കില്‍ രാജ്യത്തെ അവരുടെ മാതൃസംഘടനയായ റെഡ് ക്രോസ് വഴിയായിരുന്നു പണം എത്തേണ്ടത്. പകരം നേരിട്ട് യു.എ.ഇ കോണ്‍സുലേറ്റിന്റെ ഇടപെടലുണ്ടായി. ഇതുമായി ബന്ധപ്പെട്ടുള്ള ധാരണാപത്രത്തിന്റെ കോപ്പി ചോദിച്ചിട്ട് പ്രതിപക്ഷ നേതാവിന് പോലും ഇതുവരെ നല്‍കിയിട്ടില്ല. ഒന്നും മറയ്ക്കാനില്ലെങ്കില്‍ കാബിനറ്റ് റാങ്കുള്ള ഒരു പ്രതിപക്ഷ നേതാവിന് അതിന്റെ കോപ്പി കൊടുക്കുന്നതിന് തടസമെന്താണെന്നും ചെന്നിത്തല ചോദിച്ചു.